death

ഹൈദരാബാദ്: ലോകത്ത് മനുഷ്യര്‍ ആത്മഹത്യ ചെയ്യുന്നതിന് നിരവധി കാരണങ്ങളുണ്ട്. പലപ്പോഴും പ്രതിസന്ധികള്‍ സങ്കീര്‍മാകുമ്പോഴും മാനസിക നില അപ്പാടെ തെറ്റുമ്പോഴുമാണ് ആളുകള്‍ ആത്മഹത്യയില്‍ അഭയം തേടുന്നത്. എന്നാല്‍ തെലങ്കാനയിലെ ഒരു 25കാരി ജീവനൊടുക്കിയത് വളരെ വിചിത്രമായ കാരണത്തിനാണ്. സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. ഉറുമ്പുകളോടുള്ള ഭയമാണ് യുവതിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നതാണ് വിചിത്രമായ കാര്യം.

വീട്ടിലെ മുറിക്കുള്ളിലെ സീലിംഗ് ഫാനില്‍ സാരി ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നു ഇവരെന്ന് പൊലീസ് പറയുന്നു. 2022ല്‍ വിവാഹിതയായ യുവതിക്ക് മൂന്ന് വയസ്സ് പ്രായമുള്ള ഒരു മകളുണ്ട്. സ്വയം ജീവനൊടുക്കിയ യുവതിക്ക് ചെറുപ്പം മുതല്‍ ഉറുമ്പുകളെ ഭയമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

രാവിലെ ജോലിക്ക് പോയ ഭര്‍ത്താവ് വൈകുന്നേരം തിരിച്ചെത്തിയപ്പോള്‍ വീടിന്റെ പ്രധാന വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഭാര്യയെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അമീന്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.