money

കോലഞ്ചേരി: കനത്തചൂടില്‍ ദാഹമകറ്റാനായി വഴിനീളെ മുളച്ചുപൊന്തിയ ഭായിമാരുടെ അനധികൃത കരിമ്പ് ജ്യൂസ് വില്പനശാലകള്‍ ആരോഗ്യഭീഷണി ഉയര്‍ത്തുന്നു. റോഡരികില്‍ ജ്യൂസ്മെഷീന്‍ സ്ഥാപിച്ച് ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വില്പന പാെടിപൊടിക്കുന്നത്. നിയന്ത്രണം ഉത്തരേന്ത്യന്‍ ലോബിക്കാണ്.

കോലഞ്ചേരി മേഖലയില്‍ ആളൊഴിഞ്ഞ പ്രദേശങ്ങളിലാണ് ഇത്തരം വില്പന കേന്ദ്രീകരിച്ചിരിക്കുന്നത്. ഐക്കരനാട് പഞ്ചായത്തിലെ നെച്ചുപ്പാടംവളവ് കഴിഞ്ഞുവരുന്നിടത്തും വാലേത്തുപടി?യി?ലും കുന്നത്തുനാട്ടിലെ കോട്ടമല കയറ്റം കഴിഞ്ഞുള്ള ആളൊഴിഞ്ഞ ഭാഗത്തും അത്താണിക്ക് മുമ്പായും കിഴക്കമ്പലം പഞ്ചായത്തിലെ ഞാറള്ളൂര്‍ കുരിശ് കഴിയുന്നിടത്തുമടക്കം വില്പന സജീവമാണ്.

വില്പനക്കാരനായ ഒരാളെ രാവിലെ മിനി ലോറിയില്‍ സ്ഥലത്തെത്തിക്കും. കൂടെ ജ്യൂസ് തയ്യാറാക്കാന്‍ ചീകിയെടുത്ത കരിമ്പും 20 ലിറ്ററിന്റെ രണ്ട് ക്യാന്‍ വെള്ളവും നല്‍കും. ഇത് ഉപയോഗിച്ച് വൈകിട്ടുവരെ വില്പന നടക്കും. തുടര്‍ന്ന് വാഹനമെത്തി തിരികെക്കൊണ്ടുപോകും.ജ്യൂസ് ഷോപ്പ് നടത്തുന്ന കെട്ടിടത്തിന് ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാണ്.


കടയില്‍ കൗണ്ടര്‍ സെയില്‍ നടക്കുന്നതാണെങ്കില്‍ പഞ്ചായത്തീരാജ് നിയമ പ്രകാരം പാലിക്കേണ്ട നടപടികള്‍ പൂര്‍ത്തിയാക്കണം. ഉപഭോക്താവിന് നേരിട്ട് വില്പന നടത്തുമ്പോള്‍ കൈകഴുകാനുള്ള വാഷ് ബേസിന്‍, ആവശ്യമായ ശുദ്ധജലം, വേസ്റ്റ് സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനങ്ങളും നിര്‍ബന്ധം.
ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്മെന്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത രേഖയും കരുതണം.

നിയമം ഇതായിരിക്കെ അന്യസംസ്ഥാനക്കാരെ വെച്ച് ലാഭങ്ങള്‍ കൊയ്യുന്ന ഇത്തരക്കാര്‍ക്കെതിരെ ചെറുവിരലനക്കാന്‍ പോലും ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറാകാത്തതില്‍ പ്രതിഷേധം രൂക്ഷമാവുകയാണ്.

നിയമലംഘന പരമ്പര

1 റോഡില്‍നിന്ന് ഉയരുന്ന പൊടിപടലങ്ങള്‍ക്കിടയിലാണ് ജ്യൂസ് തയ്യാറാക്കുന്നത്

2 റോഡരികില്‍ തുറന്ന സ്ഥലങ്ങളിലാണ് കരിമ്പിന്‍ജ്യൂസ് ഉണ്ടാക്കുന്ന മെഷീനും കരിമ്പും സൂക്ഷിക്കുന്നത്

3 അടച്ചുറപ്പില്ലാത്ത ഈ വില്പന കേന്ദ്രങ്ങളില്‍ ആവശ്യത്തിന് ശുദ്ധജലംപോലും ലഭ്യമല്ല

4 ഒരാള്‍ കുടിക്കുന്ന ഗ്ലാസുകള്‍ കഴുകുന്നതില്‍ ഉള്‍പ്പെടെ ശുചിത്വം പാലിക്കുന്നില്ല.

5 പാനീയങ്ങളിലെ പ്രധാന ചേരുവ ഐസാണ്. മിക്കയിടങ്ങളിലും ഉപയോഗശൂന്യമായ ഫ്രിഡ്ജുകളിലാണ് ഐസ് സൂക്ഷിക്കുന്നത്. ഇത് തീര്‍ത്തും അനാരോഗ്യകരമായ സാഹചര്യമാണ്.

6 ജോലിക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല

7 ജോലിക്കാര്‍ ടൈഫോയ്ഡ് ഉണ്ടാകാതിരിക്കാനുള്ള വാക്‌സിനേഷന്‍ എടുത്തവരാകണം

8 കടയില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ച് ശുദ്ധമാണെന്ന റിപ്പോര്‍ട്ട് സൂക്ഷിക്കണം