
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയും ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,185 രൂപയുമായി. ഇന്നലെ പവന് 89,880 രൂപയും ഗ്രാമിന് 11,235 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുളള ഏറ്റവും വലിയ സ്വർണനിരക്ക് രേഖപ്പെടുത്തിയത് നവംബർ മൂന്നിനായിരുന്നു. അന്ന് പവന് 90,320 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറവ് സ്വർണവില രേഖപ്പെടുത്തിയത് നവംബർ അഞ്ചിനായിരുന്നു. അന്ന് പവന് 89,080 രൂപയായിരുന്നു. ഈ മാസത്തിൽ സ്വർണവിലയിൽ വലിയ പ്രതീക്ഷയാണ് ഉണ്ടാകുന്നത്. ഇത് ആഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസമാണ് നൽകുന്നത്.
കഴിഞ്ഞ മാസം പവൻ വില ഒരു ലക്ഷം കടക്കുമെന്ന പ്രവചനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴുണ്ടായ മാറ്റം ആഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് പുതിയ പ്രതീക്ഷ നൽകിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ സ്വർണവില കുറയുമെന്നാണ് സൂചന. രാജ്യാന്തര വിപണിയിൽ 4000ന് മുകളില്‍ നിന്നിരുന്ന സ്വര്‍ണവില ഇന്ന് 3900ത്തിലേക്ക് താഴ്ന്നിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. ഔണ്‍സ് വില ഇനിയും താഴ്ന്നാല്‍ കേരളത്തിലും വില കുറയുമെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ചർച്ചകൾ സ്വർണവിലയെ വൻതോതിൽ സ്വാധീനിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധങ്ങളും തീരുവകളും ആഗോള വിപണികളെ പിടിച്ചുലയ്ക്കുകയും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ കൂടുതൽപേർ സ്വർണത്തിലേക്ക് തിരിയുകയായിരുന്നു. അതേസമയം, സംസ്ഥാനത്തെ വെളളിവിലയിൽ ഇന്ന് മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഗ്രാമിന് 165 രൂപയും കിലോഗ്രാമിന് 1,65,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.