
പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ബോളിവുഡ് താരജോഡികളാണ് കത്രീന കൈഫും വിക്കികൗശലും. ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. കത്രീനാ കൈഫ് ഗർഭിണിയാണെന്ന വാർത്തകൾ പുറത്ത് വന്നതിനു പിന്നാലെ ഇരുവരുടെയും ജീവിതത്തിലെ പുതിയ അതിഥിക്കായി ആരാധകരും കാത്തിരിപ്പ് തുടങ്ങിയിരുന്നു. ഇപ്പോഴിതാ, കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഒരു ആൺകുട്ടിക്ക് ജന്മം നൽകിയിരിക്കുകയാണ് കത്രീനാ കൈഫ്. താരങ്ങൾ ഇരുവരും ഒരുമിച്ചാണ് സോഷ്യൽ മീഡിയയിൽ സന്തോഷ വാർത്ത പങ്കുവച്ചത്.
'ഞങ്ങളുടെ സന്തോഷങ്ങളുടെ കാരണം എത്തിയിരിക്കുന്നു, അതിയായ സന്തോഷത്തോടെയും നന്ദിയോടെയും ഞങ്ങൾ ഞങ്ങളുടെ കുഞ്ഞിനെ സ്വാഗതം ചെയ്യുന്നു.' ഇരുവരും സോഷ്യൽ മീഡിയയിൽ കുറിച്ചു. 'അനുഗ്രഹിക്കപ്പെട്ടു' എന്നാണ് വിക്കി കൗശൽ കുറിച്ചത്. വാർത്തയ്‌ക്കു പിന്നാലെ സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേർ സന്തോഷം പങ്കുവയ്‌ക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്‌തു.
2021 ഒക്‌ടോബറിലാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. പൊതുവേദികളിൽ ഒരുമിച്ച് എത്തിയിരുന്നില്ലെങ്കിലും ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതേക്കുറിച്ച് പരസ്യമായി പ്രതികരിക്കാൻ ഇരുവരും തയ്യാറായിരുന്നില്ല. രാജസ്ഥാനിൽ നടന്ന രാജകീയ വിവാഹത്തിലൂടെയാണ് സ്വകാര്യമായി സൂക്ഷിച്ച ഇരുവരുടെയും പ്രണയം ലോകം അറിയുന്നത്. സെപ്തംബറിലാണ് കത്രീന കൈഫ് അമ്മയാകാൻ പോകുന്നുവെന്ന വാർത്ത താരങ്ങൾ പരസ്യമാക്കിയത്. നിറവയറുമായി ഭർത്താവ് വിക്കി കൗശലിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു അമ്മയാകാൻ പോകുന്നുവെന്ന സന്തോഷവാർത്ത കത്രീന പങ്കുവച്ചത്.