
കൃഷിയിൽ എപ്പോഴും വ്യത്യസ്തത വേണം. എങ്കിലേ വിജയിക്കാനാവൂ. ആർക്കും പരീക്ഷിക്കാവുന്നതും എളുപ്പത്തിൽ ലാഭംകൊയ്യാനാവുന്നതുമായ ഒരു കൃഷിയാണ് രാമച്ചം. വാണിജ്യാടിസ്ഥാനത്തിലാണ് കൃഷിയെങ്കിൽ മികച്ച ലാഭം പ്രതീക്ഷിക്കാനാവുമെന്നാണ് കർഷകർ പറയുന്നത്. ഇപ്പോൾ ഒരുകിലോ രാമച്ചം വേരിന് 400 രൂപയ്ക്ക് മുകളിൽ വിലയുണ്ട്. രാജ്യത്തിന്റെ പലഭാഗത്തും രാമച്ചം കൃഷിയുണ്ടെങ്കിലും നമ്മുടെ നാട്ടിലെ ഐറ്റത്തിനാണ് വിലയും ആവശ്യക്കാരും കൂടുതൽ.
എവിടെയും കൃഷിചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മണൽ കലർന്ന മണ്ണാണ് ഏറ്റവും യോജിച്ചത്. മണ്ണൊലിപ്പ് തടയാൻ പുരയിടത്തിന്റെ അതിർത്തികളിൽ വേണമെങ്കിലും നട്ടുപിടിപ്പിക്കാം. നല്ല സൂര്യപ്രകാശം അത്യാവശ്യമാണ്. രണ്ടുമീറ്റർ ഉയരത്തിൽ വരെ വളരും. അത്തരത്തിലുളള ഒരു ചെടിയിൽ നിന്ന് ലഭിക്കുന്ന വേരിന് മുപ്പത് സെന്റീമീറ്ററിൽ കുറയാത്ത നീളവുമുണ്ടാകും. ഒരു ഹെക്ടർ സ്ഥലത്തുനിന്ന് അഞ്ചുടൺവരെ വേരുലഭിക്കും.
മേൽമണ്ണ് ഉഴുതുമറിച്ച് കല്ലും കട്ടയും നീക്കുകയാണ് ആദ്യംചെയ്യേണ്ടത്. പിന്നീട് കാലിവളമോ കമ്പോസ്റ്റോ അടിവളമായി ചേർക്കാം. ഇതിലാണ് രാമച്ചം ചിനപ്പുകൾ നൽകേണ്ടത്. കാലവർഷത്തിന്റെ ആരംഭത്തിൽ വേണം കൃഷി തുടങ്ങാൻ. അങ്ങനെ ചെയ്താൽ മികച്ച വിളവ് ഉറപ്പ്. നിശ്ചിത അകലത്തിലാണ് ചിനപ്പുകൾ നടേണ്ടത്. ക്രമമായ ഇടവേളകളിൽ ആവശ്യത്തിന് വളം നൽകണം. എങ്കിലേ നല്ല വിളവ് കിട്ടൂ. സ്ഥലമില്ലാത്തവർക്ക് ഗ്രോബാഗിലും കൃഷിയിറക്കാം.
ചെടിനട്ട് ഒന്നരവർഷം കഴിയുമ്പാേൾ വിളവെടുത്തുതുടങ്ങാം. ആദ്യം മണ്ണിനുമുകളിലുള്ള ഇലകളും മറ്റും മുറിച്ചുനീക്കുക. പിന്നീട് ചുവടുകിളച്ച് വേരുകൾ പുറത്തെടുത്ത് മണ്ണുനീക്കി വൃത്തിയാക്കാം. ഇത് നന്നായി ഉണക്കി കെട്ടുകളാക്കി സൂക്ഷിക്കാം. വിളവെടുപ്പ് നടന്നുവെന്നറിഞ്ഞാൽ ആവശ്യക്കാർ നിങ്ങളെത്തേടിയെത്തും. ആയുർവേദ ഉല്പന്നങ്ങൾ, തലയണ, കിടക്ക തുടങ്ങിയ നിർമ്മിക്കാനാണ് പ്രധാനമായും രാമച്ചം ഉപയോഗിക്കുന്നത്. മണ്ണുപുരണ്ട വേര് ഒരുകിലോയ്ക്ക് 220 രൂപ വിലകിട്ടും. കഴുകി വൃത്തിയാക്കി ഉണക്കിയെടുത്തതിന് കിലോയ്ക്ക് 400 രൂപയ്ക്ക് മുകളിൽ വിലയുണ്ടാവും.