soudi

റിയാദ്: സൗദിയിൽ ഇന്ധനം നിറയ്ക്കാൻ എത്തുന്നവർക്ക് പുതിയ നിർദേശം പുറത്തിറക്കി ഊർജ മന്ത്രാലയം. പെട്രോൾ പമ്പുകളിലും സർവീസ് സെന്ററുകളിലും ക്യൂ പാലിക്കാത്തവർക്കും വാഹനത്തിന്റെ എഞ്ചിൻ ഓഫാക്കാത്തവർക്കും ഇനി മുതൽ ഇന്ധനം ലഭിക്കില്ലെന്നാണ് ഊർജ മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. സർവീസ് സ്റ്റേഷൻ, പെട്രോൾ പമ്പ് ജീവനക്കാർക്കും നടത്തിപ്പുകാർക്കുമാണ് മന്ത്രാലയം സർക്കുലർ നൽകിയത്.

വാഹനഗതാഗതം ക്രമീകരിക്കുന്നതിനും സുരക്ഷ ഉറപ്പാക്കാനുമാണ് പുതിയ തീരുമാനമെന്നാണ് അധികൃതർ പറയുന്നത്. ഇത് കർശനമായി പാലിക്കപെടുന്നുണ്ടോ എന്നും ബന്ധപ്പെട്ടവർ ഉറപ്പാക്കണമെന്ന് നിർദേശത്തിലുണ്ട് . ഇന്ധനം നിറയ്ക്കുന്ന സമയത്ത് എഞ്ചിൻ ഓഫാക്കേണ്ടതിന്റെ ആവശ്യകത ഇത് വ്യക്തമാക്കുന്നു. കൃത്യമായ ക്യൂ സംവിധാനം എല്ലാവരിലും പെട്ടെന്ന് സേവനം എത്തിക്കാൻ കാരണമാകും.

അതേസമയം നവംബര്‍ മാസത്തെ ഇന്ധന വില പ്രഖ്യാപനത്തില്‍ നിരക്ക് കുറച്ചിരിക്കുകയാണ് യുഎഇ. സൂപ്പര്‍ 98 പെട്രോളിന് 2.63 ദിര്‍ഹമാണ് പുതിയ നിരക്ക്. കഴിഞ്ഞ മാസമിത് 2.77 ദിര്‍ഹമായിരുന്നു. 2.66 ദിര്‍ഹമായിരുന്ന സ്‌പെഷ്യല്‍ 95 പെട്രോള്‍ നിരക്ക് 2.51 ദിര്‍ഹമായും 2.58 ദിര്‍ഹമായിരുന്ന ഇപ്ലസ് 91 പെട്രോള്‍ നിരക്ക് 2.44 ദിര്‍ഹമായും കുറഞ്ഞിട്ടുണ്ട്. ഡീസലിന് പുതിയ നിരക്ക് 2.67 ദിര്‍ഹമാണ്. ഒക്‌ടോബറില്‍ നിരക്ക് 2.71 ദിര്‍ഹമായിരുന്നു. ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ ഇന്ധന വില കുറഞ്ഞത്.