
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ താരത്തിനും പശ്ചിമ ബംഗാൾ സർക്കാരിനും നോട്ടീസ് അയച്ച് സുപ്രീം കോടതി. ജീവനാംശം വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ഹസിൻ ജഹാൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. കൽക്കട്ട ഹൈക്കോടതി വിധിച്ച പ്രതിമാസ ജീവനാംശം മതിയാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹസിൻ ജഹാന്റെ ഹർജി.
ഹസിൻ ജഹാനും മകൾക്കുമായി കൽക്കട്ട ഹൈക്കോടതി പ്രതിമാസം 1.5 ലക്ഷവും 2.5 ലക്ഷവും വീതം നാല് ലക്ഷം ജീവനാംശം കൽക്കട്ട ഹൈക്കോടതി അനുവദിച്ചിരുന്നു. എന്നാൽ ഈ തുക തങ്ങൾക്കോ മകൾക്കോ മതിയായതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹസിൻ ജഹാൻ സുപ്രീം കോടതിയെ സമീപിച്ചത്. ഹസിൻ ജഹാന്റെ അപേക്ഷ പരിഗണിച്ച കോടതി പശ്ചിമ ബംഗാൾ സർക്കാരിനോടും മുഹമ്മദ് ഷമിയോടും നാല് ആഴ്ചകൾക്കുള്ളിൽ മറുപടി നൽകാൻ ആവശ്യപ്പെട്ടു. ഈ സമയപരിധിക്കുള്ളിൽ കേസ് വീണ്ടും പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചത്.
2018 മുതലാണ് ഷമിയും ഹസിൻ ജഹാനും തമ്മിലുള്ള നിയമപോരാട്ടങ്ങൾ ആരംഭിച്ചത്. ഗാർഹിക പീഡനം, സ്ത്രീധന പീഡനം, സ്ത്രീലമ്പടൻ തുടങ്ങിയ തുടങ്ങിയ ഒട്ടേറെ ആരോപണങ്ങളാണ് ഹസിൻ ജഹാൻ ഷമിക്കെതിരെ ഉന്നയിച്ചിരുന്നത്. മുൻഭാര്യയുടെ ആരോപണങ്ങളെ തുടർന്ന് വിവിധ വകുപ്പുകൾ പ്രകാരം ഷമിക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്തിരുന്നു.
അതേസമയം ഒരു അഭിമുഖത്തിൽ ജഹാനയുമായുള്ള വിവാഹബന്ധത്തെക്കുറിച്ച് ഖേദമുണ്ടോയെന്ന ചോദിച്ചപ്പോൾ അക്കാര്യം വിട്ടേക്കൂ, കഴിഞ്ഞതിനെക്കുറിച്ച് ആലോചിച്ച് ഒരിക്കലും ഖേദിക്കുന്നില്ല. പോയത് പോയി സ്വയം കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇത്തരം വിവാദങ്ങളല്ല തനിക്ക് ആവശ്യമെന്നും ഷമി പറഞ്ഞു.