
ഗോൾഡ്കോസ്റ്റ്: കരാറ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന നാലാം ട്വന്റി-20 മത്സരത്തിൽ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങങ്ങിയ ഓസീസിനെ 18 ഓവറിൽ 119 റൺസിന് ഇന്ത്യ ആൾഔട്ടാക്കുകയായിരുന്നു. ഇതോടെ അഞ്ചുമത്സര പരമ്പരയിൽ 2-1ന് ഇന്ത്യ മുന്നിലെത്തി. എന്നാൽ മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവ് കട്ടകലിപ്പിലായ ഒരു സംഭവമാണ് ചർച്ചയാകുന്നത്.
കളിക്കളത്തിൽ സാധാരണയായി ശാന്തനായി കാണുന്ന സൂര്യകുമാർ യാദവ് മത്സരത്തിനിടെ ദേഷ്യപ്പെടുന്ന കാഴ്ച ആരാധകരെയും അമ്പരപ്പിച്ചു. ഓസ്ട്രേലിയ 168 റൺസ് പിന്തുടരുമ്പോൾ 12ാം ഓവറിലെ ഓൾറൗണ്ടർ ശിവം ദുബെയുടെ അവസാന പന്തിലാണ് നാടകീയ സംഭവം അരങ്ങേറിയത്. 12ാം ഓവറിലെ രണ്ടാം പന്തിൽ സിക്സർ അടിക്കാൻ നോക്കിയ ടിം ഡേവിഡിനെ പുറത്താക്കി ദുബെ ഓസീസിന് സമ്മർദ്ദം സൃഷ്ടിച്ചിരുന്നു. വിക്കറ്റ് വീഴ്ത്തിയ ശേഷം രണ്ട് പന്തുകൾ ഡോട്ട് ബൗളുകളായത് ഇന്ത്യക്ക് നേരിയ മേൽകൈ നൽകി.
എന്നാൽ തൊട്ടടുത്ത പന്തിൽ ദുബെ ഒരു ലൂസ് ബോൾ എറിഞ്ഞത് ഓസീസ് ബാറ്റർ ബൗണ്ടറി കടത്തുകയായിരുന്നു. പന്ത് ബൗണ്ടറിയിലേക്ക് പാഞ്ഞപ്പോൾ ശിവം ദുബെയോട് ദേഷ്യത്തോടെ സൂര്യകുമാർ യാദവ് ആക്രോശിക്കുകയായിരുന്നു. ജയത്തിന് തൊട്ടരികിൽ നില്ക്കുമ്പോൾ ബൗണ്ടറി വഴങ്ങിയതിൽ ക്യാപ്ടൻ അസ്വസ്ഥനായിരുന്നു.
എന്നാൽ അതിന് ശേഷം ഇന്ത്യ പെട്ടെന്ന് തന്നെ കളിയിലേക്ക് തിരിച്ചെത്തി ജയം ഉറപ്പാക്കിയിരുന്നു. 17ാം ഓവറിൽ അടുത്തടുത്ത പന്തുകളിൽ വാഷിംഗ്ടൺ സുന്ദർ സ്റ്റോയ്നിസിനെയും (17), സേവ്യർ ബാലറ്റിനെയും (0) പുറത്താക്കിയതോടെയാണ് ഓസീസിന്റെ തോൽവി ഉറപ്പായത്. ഇന്ത്യൻ സിപിന്നർമാരാണ് ഓസീസ് ബാറ്റിംഗ് നിരയെ തകർത്തത്. എട്ടു പന്തുകളിൽ മൂന്ന് റൺസ് മാത്രം വിട്ടുകൊടുത്താണ് വാഷിംഗ്ടൺ മൂന്ന് വിക്കറ്റുകൾ നേടിയത്. അക്ഷർ പട്ടേലും ശിവം ദുബെയും രണ്ട് വിക്കറ്റുകൾ വീതവും അർഷ്ദീപും ബുംറയും വരുണും ഓരോ വിക്കറ്റും നേടി. അഞ്ചാം മത്സരം നാളെ ബ്രിസ്ബേനിൽ നടക്കും.