
മലപ്പുറം: സ്കൂൾ ബസ് ഇടിച്ച് അതേ സ്കൂളിലെ നാല് വയസുകാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടിയിൽ മുസ്‌ലീയാർ അങ്ങാടി കുമ്പളപ്പറമ്പിലെ എബിസി മോണ്ടിസോറി സ്കൂളിലെ എൽകെജി വിദ്യാർത്ഥി യമിൻ ഇസിൻ ആണ് മരിച്ചത്. സ്കൂളിൽ നിന്ന് കുട്ടിയെ വീട്ടിൽ വിട്ട ശേഷം റോഡ് മുറിച്ച് കടക്കുന്നതിനിടെ അതേ ബസ് തന്നെ കുട്ടിയെ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.