
നഗരങ്ങളിൽ മരങ്ങളും പച്ചപ്പും നിലനിർത്തിയാൽ മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർ ആശുപത്രികളിൽ അഭയം തേടുന്നത് കുറയ്ക്കുമെന്ന് പുതിയ പഠനം. അന്താരാഷ്ട്ര ഗവേഷകരുടെ നേതൃത്വത്തിൽ ഏഴ് രാജ്യങ്ങളിലായി നടത്തിയ പഠനത്തിലായിരുന്നു പുതിയ കണ്ടെത്തൽ. ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചിലി, ന്യൂസീലൻഡ്, ദക്ഷിണ കൊറിയ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലാണ് പഠനം നടത്തിയത്. 1.14 കോടി മാനസികാരോഗ്യ കേന്ദ്രങ്ങളിൽ പ്രവേശിച്ച രോഗികളുടെ ഡാറ്റകൾ വിശകലനം ചെയ്തായിരുന്നു പഠനം.
പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾക്കുള്ള സാദ്ധ്യത കുറവാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. പച്ചപ്പ് കൂടുംതോറും ഗുണഫലങ്ങൾ വർദ്ധിക്കും. നമ്മൾ താമസിക്കുന്നിടത്ത് കൂടുതൽ പച്ചപ്പും പ്രകൃതിയും ഉണ്ടെങ്കിൽ മാനസിക സമ്മർദ്ദം കുറയും. അങ്ങനെയുള്ള സ്ഥലങ്ങളിൽ, മാനസികരോഗങ്ങൾക്ക് വേണ്ടി ആശുപത്രിയിൽ പോകേണ്ടി വരുന്നവരുടെ എണ്ണം ഏഴ് ശതമാനം കുറവാണെന്നാണ് പഠനം രേഖപ്പെടുത്തുന്നത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ഗുരുതര രോഗങ്ങൾ ഉള്ളവരിൽ ഒമ്പത് ശതമാനം വരെയും, സൈക്കോട്ടിക് ഡിസോഡർ ഉള്ളവരിൽ എഴ് ശതമാനം വരെയും, ഡിമെൻഷ്യ രോഗികളിൽ ആറ് ശതമാനം വരെയും ആശുപത്രി വാസത്തിൽ കുറവുണ്ടായെന്നാണ് കണക്കാക്കുന്നത്.
നഗരപ്രദേശങ്ങളിൽ മാത്രം കൂടുതൽ പച്ചപ്പ് ഉറപ്പാക്കുമ്പോൾ പ്രതിവർഷം ഏകദേശം 7,712 സൈക്യാട്രിക് അഡ്മിഷനുകൾ ഒഴിവാക്കാൻ കഴിയുമെന്നാണ് ഗവേഷകർ കണക്കാക്കുന്നത്. അതേസമയം എല്ലാരാജ്യങ്ങളിലും ഫലം ഒരു പോലെയായിരുന്നില്ല. ബ്രസീൽ, കാനഡ, ചിലി, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ മാനസികാരോഗ്യത്തിന് പച്ചപ്പിന്റെ ഗുണഫലം സ്ഥിരമായി കണ്ടപ്പോൾ ഓസ്‌ട്രേലിയയിലും കാനഡയിലും നേരിയ വ്യത്യാസങ്ങൾ കണ്ടെത്തി. നഗരങ്ങളിൽ പാർക്കുകളുടെയും നടപ്പാതകളുടെയും സുരക്ഷയും ലഭ്യതയും അനുസരിച്ച് ഫലങ്ങളിൽ മാറ്റം വരാമെന്നും പഠനങ്ങൾ ചൂണ്ടികാണിക്കുന്നു.