sivankutty

പാലക്കാട്: അടുത്ത വർഷം മുതൽ ശാസ്ത്ര മേളയ്ക്ക് ഏറ്റവും കൂടുതൽ പോയിന്റ് വാങ്ങുന്ന ജില്ലയ്ക്ക് സ്വർണ്ണ കപ്പ് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ 57-ാമത് സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം പാലക്കാട് ഗവ.മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി .

ശാസ്ത്രമേളയിൽ പങ്കെടുക്കുന്നതിന് സാധനങ്ങൾ വാങ്ങുന്നതിനായി കുട്ടികൾക്കും രക്ഷിതാക്കൾക്കും വലിയ തുക ചെലവാക്കേണ്ടി വരുന്നുണ്ട്. അടുത്ത വർഷം മുതൽ ശാസ്ത്രമേളയിൽ വിജയികൾക്ക് നൽകുന്ന കാഷ് പ്രൈസ് ഉയർത്തുന്ന കാര്യം ആലോചിക്കും. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സർക്കാർ, മാനേജ്‌മെന്റ് ഉൾപ്പെടെ വിവിധ സ്‌കൂളുകളിൽ നടത്തുന്ന പാഠ്യ പാഠ്യേതര പരിപാടികൾ ആരംഭിക്കുന്നതിന് മുൻപ് വ്യത്യസ്തമാർന്ന ഗാനങ്ങളാണ് ആലപിക്കുന്നത്. ഇതിന് പകരമായി മതനിരപേക്ഷതയും , ശാസ്ത്രചിന്തയും ഭരണഘടന മൂല്യം ഉയർത്തിപ്പിടിക്കുന്ന ഒരേ ഗാനം സ്‌കൂളുകളിൽ ആലപിക്കുന്നതിനെപ്പറ്റി സമൂഹം ചർച്ച ചെയ്യണമെന്നും മന്ത്രി സൂചിപ്പിച്ചു.

വിദ്യാർത്ഥികളുടെ ചിന്താശക്തിയും നൈസർഗികതയും കഴിവുകൾ തെളിയിക്കാനും ശാസ്ത്ര ബോധം സാമൂ ഹ്യ പ്രതിബന്ധത എന്നിവ വളർത്തുന്നതിലും ശാസ്ത്ര മേളയ്ക്ക് വലിയ പങ്കുണ്ട്. പുതിയ മാന്വൽ അനുസരിച്ചാണ് ഇത്തവണ മത്സരങ്ങൾ നടക്കുന്നത്. ഈ മാറ്റങ്ങൾ മത്സരങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സഹായിക്കും. ഇത് പുതിയ കണ്ടുപിടുത്തങ്ങൾക്ക് സാദ്ധ്യത നൽകും.

മന്ത്രി എം.ബി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ സുവനീർ പ്രകാശനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. കവർ ചിത്രം ഡിസൈൻ ചെയ്ത ടി ആർ കെ എച്ച് എസ് എസ് വിദ്യാർത്ഥി കെ. ആദിത്യനെ പരിപാടിയിൽ ആദരിച്ചു. ദേശീയ ശാസ്ത്ര സെമിനാറിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എൻ.എസ്.എസ്.കെ.പി.ടി ഒറ്റപ്പാലം സ്‌കൂളിലെ ഋഷികേശ് എന്ന വിദ്യാർത്ഥിയേയും ചടങ്ങിൽ ആദരിച്ചു.

പാലക്കാട് ഗവൺമെന്റ് മോയൻസ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയിൽ എം.എൽ.എമാരായ രാഹുൽ മാങ്കൂട്ടത്തിൽ, കെ.ഡി പ്രസേനൻ, എ പ്രഭാകരൻ, എൻ ഷംസുദ്ദീൻ, പി മമ്മികുട്ടി, ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് എ.ഡി.പി.ഐ സി.എ സന്തോഷ് എന്നിവർ സംസാരിച്ചു. കെ ശാന്തകുമാരി എംഎൽഎ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ആർ.കെ ജയപ്രകാശ്, എസ്.എസ്.കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ എ.ആർ സുപ്രിയ, കൈറ്റ് സി.ഇ.ഒ കെ അൻവർ സാദത്ത്, വിദ്യാഭ്യാസ ഉപഡയറക്ടർ സലീനബീവി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആസിഫ് അലിയാർ, അധ്യാപക സംഘടന പ്രതിനിധികൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.