court

മലപ്പുറം: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമം നടന്നതില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി. രക്ഷിതാക്കളുടെ നടപടി കേരളത്തിന് അപമാനമാണെന്ന് മഞ്ചേരി ജില്ല സെഷന്‍സ് കോടതി അഭിപ്രായപ്പെട്ടു. സംഭവത്തില്‍ ജനുവരി 30ന് മുമ്പ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നൂറ് ശതമാനം സാക്ഷരത നേടിയെന്ന് അവകാശപ്പെടുന്ന കേരളത്തിലാണ് ഇത്തരമൊരു കാര്യം സംഭവിച്ചതെന്നും കോടതി പറഞ്ഞു.

ഒക്ടോബര്‍ മാസം 11ാം തീയതിയാണ് മലപ്പുറം കാടാമ്പുഴയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 14കാരിയെ വിവാഹം കഴിപ്പിക്കാന്‍ രക്ഷിതാക്കളും ബന്ധുക്കളും തീരുമാനിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാടാമ്പുഴ പൊലീസ് ആണ് വിവാഹം തടഞ്ഞത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് ഇപ്പോള്‍ വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്നും തുടര്‍ന്നും പഠിക്കണമെന്നാണ് ആഗ്രഹമെന്നും പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കിയത്.

മാതാപിതാക്കള്‍ ഉള്‍പ്പെടെ ബന്ധുക്കളായ പത്ത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യത്തിന്റെ പുറത്താണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പ്രായപൂര്‍ത്തിയാകുംവരെ ആറു മാസത്തിലൊരിക്കല്‍ ബാലികയെ വീട്ടില്‍ സന്ദര്‍ശിക്കണമെന്നും വിദ്യാഭ്യാസം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ചൈല്‍ഡ് മാരീജ് പ്രൊഹിബിഷന്‍ ഓഫിസറോട് ജില്ല പ്രിന്‍സിപ്പല്‍ ജഡ്ജി കെ. സനില്‍ കുമാര്‍ ആവശ്യപ്പെട്ടു.