
ക്വലൂൺ (ഹോങ്കോംഗ്): ഹോങ്കോംഗ് സിക്‌സസ് ടൂർണമെന്റിൽ മഴ തടസപ്പെടുത്തിയ മത്സരത്തിൽ ചിരവൈരികളായ പാകിസ്ഥാനെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റൺസിന് പരാജയപ്പെടുത്തി ഇന്ത്യ. പൂൾ സി മത്സരത്തിലാണ് റോബിൻ ഉത്തപ്പയുടെയും ഭരത് ചിപ്ലിയുടെയും തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിൽ ഇന്ത്യ വിജയം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആറ് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 86 റൺസെടുത്തിരുന്നു.
എന്നാൽ മഴയെത്തുടർന്ന് കളി നിർത്തുമ്പോൾ പാകിസ്ഥാന്റെ ലക്ഷ്യമായ സ്കോറിനെക്കാൾ രണ്ട് റൺസ് പിന്നിലായതാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത് റോബിൻ ഉത്തപ്പ 11 പന്തിൽ നിന്ന് 28 റൺസ് നേടി വെടിക്കെട്ട് തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. ഭരത് ചിപ്ലി 13 പന്തിൽ 24 റൺസ് എടുത്ത് പിന്തുണ നൽകി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ മൂന്ന് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 41 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് കനത്ത മഴ കാരണം കളി നിർത്തിവച്ചത്. ഇന്ത്യക്ക് വേണ്ടി സ്റ്റുവർട്ട് ബിന്നിയുടെ മികച്ച ബൗളിംഗ് പ്രകടനമാണ് നിർണ്ണായകമായത്. അദ്ദേഹം ഏഴ് റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.