vehicle

ജി.എസ്.ടി ഇളവ് ഉപഭോക്താക്കള്‍ക്ക് ആവേശമായി

കൊച്ചി: നവരാത്രി, ദീപാവലി ഉത്സവ കാലയളവില്‍ രാജ്യത്തെ വാഹന വിപണിയില്‍ ചരിത്ര മുന്നേറ്റം. 42 ദിവസത്തെ ഇക്കാലയളവില്‍ രണ്ട് സെക്കന്‍ഡില്‍ ഓരോ കാറും ഓരോ സെക്കന്‍ഡിലും മൂന്ന് ഇരു ചക്ര വാഹനങ്ങളുടെയും വില്‍പ്പനയാണ് നേടിയത്. കാറുകളും സ്പോര്‍ട്ട്സ് യൂട്ടിലിറ്റി വാഹനങ്ങളും വാനുകളുമടക്കം 7.76 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയാണ് ഉത്സവ കാലയളവില്‍ നടന്നത്. ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന 40.5 ലക്ഷം കവിഞ്ഞു. പ്രതിദിനം 18,261 യാത്രാ വാഹനങ്ങളും 96,500 ഇരുചക്ര വാഹനങ്ങളും വിറ്റഴിച്ചു.

ഫെഡറേഷന്‍ ഒഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്റെ(എഫ്.എ.ഡി.എ) കണക്കുകളനുസരിച്ച് യാത്രാ, ഇരുചക്ര വാഹന വില്‍പ്പനയില്‍ 23 ശതമാനത്തിനടുത്ത് വില്‍പ്പന ഇത്തവണത്തെ ഉത്സവ കാലയളവിലുണ്ടായി. ജി.എസ്.ടി നിരക്കുകളിലുണ്ടായ ഗണ്യമായ കുറവാണ് വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് ആവേശം പകര്‍ന്നത്.

കേരളത്തിലും വാഹനവിപണിയില്‍ വലിയ ഉണര്‍വാണ് രേഖപ്പെടുത്തിയത്. ഇരുചക്രവാഹനങ്ങളുടേയും കാറുകളുടേയും വില്‍പ്പന കൂടുതല്‍ രേഖപ്പെടുത്തിയത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ്. ഓണക്കാലത്താണ് കേരളത്തില്‍ വില്‍പ്പന കൂടുതല്‍ നടന്നത്. അതേസമയം ജിഎസ്ടി ഇളവ് പ്രാബല്യത്തില്‍ വന്നതും കേരളത്തില്‍ വില്‍പ്പന വര്‍ദ്ധിക്കുന്നതിന് പ്രധാന കാരണങ്ങളില്‍ ഒന്നാണ്.