
ന്യൂഡൽഹി : ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാർ പരിഹരിച്ചെന്ന് എയർപോർട്ട് അതോറിട്ട് ഓഫ് ഇന്ത്യ അറിയിച്ചു. ഫ്ലൈറ്റ് പ്ലാനുകൾ അപ്ഡേറ്റ് ചെയ്യാൻ സഹായിക്കുന്ന ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റത്തിന്റെ തകരാറാണ് രാത്രി വൈകി പരിഹരിച്ചത്. ഇതോടെ 24 മണി്ക്കൂറിലേറെ നീണ്ടുനിന്ന പ്രതിസന്ധിക്കാണ് പരിഹാരമായത്.
പ്രശ്നത്തിന്റെ കാരണം കണ്ടെത്തി പരിഹരിക്കാൻ സാധിച്ചെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു. സിസ്റ്റത്തിന്റെ സ്ഥിരതയും പ്രവർത്തനക്ഷമതയും നിരീക്ഷിക്കുന്നതിനായി ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെയും എ.എ.ഐയിലെയും ഉദ്യോഗസ്ഥരടങ്ങിയ സംഘം വിമാനത്താവളത്തിൽ തുടരുകയാണെന്നും പി.ഐ.ബി വ്യക്തമാക്കി. എ.എം.എസ്.എസ് ഇപ്പോൾ സാധാരണ നിലയിലായിട്ടുണ്ട്. ബാക്ക്ലോഗ് ഡാറ്റ കാരണം ഓട്ടോമേറ്റഡ് പ്രക്രിയകളിൽ ചെറിയ കാലതാമസം ഇപ്പോഴും ഉണ്ടായേക്കാം. വൈകാതെ എല്ലാം പൂർണതോതിൽ സാധാരണ നിലയിലാകുമെന്നും പി.ഐ.ബി അറിയിച്ചു. വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും ഉണ്ടായ ബുദ്ധിമുട്ടിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.
ഇന്നലെ രാവിലെ 8.34 ഓടെയാണ് എ.ടി.സിയിൽ സാങ്കേതിക പ്രശ്നമുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചത്. ലോകത്തിൽ തന്നെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഡൽഹിയിലേത്. പ്രതിദിനം ആയിരത്തിലധികം വിമാന സർവീസുകളാണ് ഇവിടെ നടത്തുന്നത്. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറായി. ഇന്നലെ മാത്രം 700ലേറെ വിമാന സർവീസുകളെ ബാധിച്ചു. ചില സർവീസുകൾ റദ്ദാക്കി. ഇതോടെ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി യാത്രക്കാർ വലഞ്ഞു. പ്രശ്നത്തെത്തുടർന്ന് ഡൽഹയിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ വൈകി. വ്യാഴാഴ്ച രാത്രി 10.15ന് കൊച്ചിയിലെത്തേണ്ട ജയ്പൂർ വിമാനം രണ്ട് മണിക്കൂർ വൈകിയാണെത്തിയത്. പുലർച്ചെ 3.20ന് എത്തേണ്ട പൂനെ വിമാനം രാവിലെ 5.05നും 9.20ന് എത്തേണ്ട ഡൽഹി വിമാനം 10.40നുമാണെത്തിയത്. 8.15ന് വരേണ്ട ബഹ്റൈനിൽ നിന്നുള്ള വിമാനം ഉച്ചയ്ക്ക് 2.50ആയി. വൈകിട്ട് 3.10ന് വരേണ്ടിയിരുന്ന ദുബായ് വിമാനം എത്തിയപ്പോൾ പുലർച്ചെ നാലരയായി.