
ചെന്നൈ: പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടയിലുണ്ടായ അധിക്ഷേപത്തിൽ ക്ഷമ ചോദിക്കില്ലെന്ന യൂട്യൂബർ ആർ എസ് കാർത്തിക്കിന്റെ നിലപാടിൽ പ്രതികരിച്ച് നടി ഗൗരി കിഷൻ. ചിലർ ഒരിക്കലും പഠിക്കില്ലെന്നും അറിവില്ലായ്മയും ആണധികാര പ്രവണതയും നിർഭാഗ്യകരമാണെന്നുമായിരുന്നു നടിയുടെ പ്രതികരണം. ഇത്രമാത്രം തരംതാഴാൻ കഴിയുമോയെന്നും ഗൗരി ചോദിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
നടിയുടെ ഉയരത്തെയും ഭാരത്തെയും കുറിച്ച് സംവിധായകൻ അബിൻ ഹരിഹരനോട് ചോദ്യം ചോദിച്ചതിൽ ക്ഷമ ചോദിക്കില്ലെന്ന് കാർത്തിക് ഒരു തമിഴ് മാദ്ധ്യമത്തോട് പറഞ്ഞിരുന്നു. താൻ 32 വർഷത്തെ അനുഭവ സമ്പത്തുള്ള വ്യക്തിയാണെന്നും തെറ്റായതൊന്നും ചോദിച്ചിട്ടില്ലെന്നുമാണ് യൂട്യൂബറുടെ ന്യായീകരണം. ഗൗരിയുടെ പ്രതികരണം പിആർ സ്റ്റണ്ടാണെന്നാണ് കാർത്തിക് ആരോപിക്കുന്നത്. 'വിഡ്ഢിയെന്ന് വിളിച്ചത് ഗൗരിയാണ്. നടിയെ നടൻ എടുത്തുയർത്തിയെന്ന് പറഞ്ഞാൽ നാലുപേര് കൂടുതൽ വരും. ‘ജോളി’ ആയിരിക്കാൻ വേണ്ടിയാണ് ചോദിച്ചത്. ട്രംപിനെയും മോദിയെയും കുറിച്ച് നടിയോട് ചോദിക്കണോ? അതുകൊണ്ടാണ് അവിടെയുള്ള മറ്റ് മാദ്ധ്യമ പ്രവർത്തകർ ചിരിച്ചത്'- കാർത്തിക് പറഞ്ഞു.
അതേസമയം, ഗൗരിക്കെതിരായ ബോഡി ഷെയ്‌മിംഗ് പരാമർശത്തിൽ പ്രതികരണവുമായി തമിഴ് സിനിമാ താരസംഘടനയായ നടികർ സംഘവും രംഗത്തെത്തിയിരുന്നു. സംഭവം അങ്ങേയറ്റം ഖേദകരമാണെന്നും നടിക്കുണ്ടായ അനുഭവത്തെ ശക്തമായി അപലപിക്കുന്നെന്നും നടികര്‍ സംഘം അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. യൂട്യൂബറുടെ നടപടിയെ അപലപിച്ച് ചെന്നൈ പ്രസ് ക്ലബും രംഗത്തെത്തിയിട്ടുണ്ട്. മലയാള സിനിമാ താരസംഘടനയായ അമ്മയും ഗൗരിക്ക് പൂർണ പിന്തുണയുമായി കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. അമ്മയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം. ആരായാലും എപ്പോഴായാലും എവിടെയായാലും ബോഡി ഷെയ്മിംഗ് തെറ്റാണെന്നാണ് കുറിപ്പിലുളളത്.