rahul-mamkootathil

പാലക്കാട്: കേരളത്തിലേക്കുള്ള പുതിയ വന്ദേഭാരത് സർവീസിന് സ്വീകരണം നൽകുന്ന പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പങ്കെടുത്തതിന് പിന്നാലെ പരിപാടി ബഹിഷ്‌കരിച്ച് ബിജെപി. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ബിജെപി ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ ഉൾപ്പടെയുള്ളവർ ഇറങ്ങിപ്പോയി. ബംഗളൂരുവിൽ നിന്ന് എറാണാകുളത്തേക്ക് സർവീസ് നടത്തുന്ന വന്ദേഭാരതിന്റെ സ്വീകരണ പരിപാടിയായിരുന്നു പാലക്കാട് സംഘടിപ്പിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ സ്ഥലത്ത് എത്തിയതോടെ ബിജെപി നേതാക്കൾ ഇറങ്ങിപ്പോകുകയായിരുന്നു.

പാലക്കാട് വച്ച് നടക്കുന്ന ശാസ്ത്രമേളയുടെ ഉദ്ഘാടനത്തിന് രാഹുൽ മാങ്കൂട്ടത്തിൽ വേദിയിൽ എത്തിയതോടെ ബിജെപി കൗൺസിലർ മിനി കൃഷ്ണകുമാറും കഴിഞ്ഞ ദിവസം പരിപാടി ബഹിഷ്‌കരിച്ചിരുന്നു. ലൈംഗിക ആരോപണം നേരിടുന്ന ആളുമായി വേദി പങ്കിടരുതെന്നുള്ളത് പാർട്ടിയുടെ പ്രഖ്യാപിത നിലപാടാണെന്നും അതിനാലാണ് വേദി ബഹിഷ്‌കരിച്ചതെന്നും മിനി കൃഷ്ണകുമാർ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പേര് നോട്ടീസിൽ കണ്ടിരുന്നു. എംഎൽഎ എത്തിയാൽ വേദി ബഹിഷ്‌കരിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണെന്നും മിനി പറഞ്ഞിരുന്നു.

രാഹുലുമായി വേദി പങ്കിട്ടത് വിവാദമായതോടെ മന്ത്രി വി ശിവൻകുട്ടി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ ശിക്ഷിക്കുകയോ കുറ്റക്കാരനെന്ന് കണ്ടെത്തുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അയാളുടെ മണ്ഡലത്തിലാണ് പരിപാടി നടന്നത്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ ഒഴിവാക്കി നിർത്തുന്നത് ശരിയല്ലെന്നാണ് നിലപാട്. ഔദ്യോഗിക പരിപാടിയിലാണ് വേദി പങ്കിട്ടത്. രാഹുലിനെ അയോഗ്യനാക്കിയിട്ടില്ലെന്നും ബോധപൂർവം ഒരാളെ ചവിട്ടി താഴ്‌ത്തേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.