v-n-vasavan

പാലക്കാട്: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാ‌ർ മുന്നോട്ടുവച്ച മാറ്റങ്ങൾ സ്വാഗതം ചെയ്യാൻ 31 സഹകരണ സംഘങ്ങൾ തയ്യാറാണെന്ന് മന്ത്രി വി എൻ വാസവൻ. സഹകരണ സംഘങ്ങൾ വഴി നെല്ല് സംഭരിക്കുന്നത് ചർച്ച ചെയ്യാൻ പാലക്കാട് മന്ത്രിസഭാ ഉപസമിതി യോഗം ചേർന്നിരുന്നു. യോഗം പൂർത്തിയായതിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി വി എൻ വാസവൻ.

'ഇന്നത്തെ യോഗത്തിൽ പാലക്കാട്ടെ പ്രമുഖ സഹകാരികൾ പങ്കെടുത്തിരുന്നു. പങ്കെടുത്തവരെല്ലാവരും നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സർക്കാർ മുന്നോട്ടുവച്ച കാര്യങ്ങൾ സ്വാഗതം ചെയ്യുകയും 31 സഹകരണ സംഘങ്ങൾ നെല്ല് സംഭരിക്കാൻ തയ്യാറാണെന്നും അറിയിച്ചു. ചില സംഘങ്ങൾക്ക് ബുദ്ധിമുട്ടുളളത് ഗോഡൗണുമായി ബന്ധപ്പെട്ട അപര്യാപ്തതയാണ്. ഇക്കാര്യങ്ങൾ പരിഹരിച്ചാൽ അവരും സഹകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

ആലത്തൂരിലെ ഒരു സഹകരണ സംഘം നെല്ല് സംഭരിച്ച് ഫാക്ടറിയുമായി സഹകരിച്ച് തുടങ്ങിയിട്ടുണ്ട്. അത് വിജയകരമായി മുന്നോട്ടുപോകുകയാണ്. പാലക്കാട് ജില്ലയിലെ മില്ലുകളുമായി സഹകരണ സംഘങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. ഈ മില്ലുകളിൽ നെല്ല് അരിയാക്കി മാ​റ്റിയാൽ അത് സപ്ലൈകോ വഴി വിതരണം ചെയ്യാനുളള നടപടികൾ സ്വീകരിക്കും. യോഗത്തിൽ സപ്ലൈകോയുടെ പ്രതിനിധികളും കാർഷിക വകുപ്പിലുളളവരും യോഗത്തിൽ പങ്കെടുത്തിരുന്നു. ഇത് പ്രായോഗികമായി നടപ്പിലാക്കാൻ ഒരു സബ് കമ്മി​റ്റി രൂപീകരിച്ചിട്ടുണ്ട്. മുൻപ് സർക്കാർ 28.20 രൂപയായിരുന്നു കൊടുത്തിരുന്നത്. അടുത്തകാലത്ത് അത് 30 രൂപയായി പ്രഖ്യാപിക്കുകയുണ്ടായി'- മന്ത്രി പറഞ്ഞു.