
ബ്രിസ്ബേൺ: ഗാബ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി-20 പരമ്പരയിലെ അവസാന പോരാട്ടത്തിലും വിക്കറ്റ് കീപ്പർ ബാറ്ററായ മലയാളി താരം സഞ്‌ജു സാംസൺ പുറത്തിരിക്കേണ്ടി വന്നു. സഞ്ജുവിന്റെ അഭാവം ആരാധകരെയും നിരാശയിലാഴ്ത്തിയിട്ടുണ്ട്. ട്വന്റി -20 ലോകകപ്പിന് മുന്നോടിയായുള്ള പരീക്ഷണങ്ങൾ നടക്കുമ്പോൾ താരത്തിന് അവസരം ലഭിക്കാതിരിക്കുന്നത് ഇന്ത്യൻ ടീമിൽ അദ്ദേഹത്തിന്റെ ഭാവി എന്താകുമെന്ന ചോദ്യങ്ങളാണ് ആരാധകർ ഉന്നയിക്കുന്നത്.
അതേസമയം ഇന്നത്തെ മത്സരത്തിൽ ഗില്ലിന് വിശ്രമം നൽകുകയും അഭിഷേക് ശർമ്മയും സഞ്ജുവും ബാറ്റിംഗ് ഓപ്പൺ ചെയ്യണം എന്നും അഭിപ്രായം ഉയർന്നിരുന്നു. ഗിൽ ട്വന്റി20യിലും ഏകദിനത്തിലും ഓപ്പണർ സ്ഥാനത്ത് എത്തുംമുൻപ് സെഞ്ച്വറിയടക്കം നേടി ഒന്നാം സ്ഥാനത്തിന് താൻ യോഗ്യനെന്ന് സഞ്ജു തെളിയിച്ചതാണെന്നുമാണ് ഇതിനെക്കുറിച്ച് പറയുന്നവർ വാദിച്ചത്. എന്നാൽ സഞ്ജു ഉണ്ടാകുമെന്ന എല്ലാ ഊഹാപോഹങ്ങളും വെറുതെയായി. പതിവുപോലെ ഗില്ലും അഭിഷേക് ശർമ്മയും തന്നെയാണ് ഓപ്പൺ ചെയ്തത്.
അവസാന ട്വന്റി-20യിൽ ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണർമാർ ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. വെറും അഞ്ച് ഓവറിൽ 52 റൺസാണ് നിലവിലത്തെ ഇന്ത്യയുടെ സ്കോർ. 13 പന്തിൽ 23 റൺസുമായി അഭിഷേകും 16 പന്തിൽ 29 റൺസുമായി ഗില്ലും ക്രീസിലുണ്ട്. എന്നാൽ അപ്രതീക്ഷിതമായി മഴ പെയ്തതിനാൽ കളി നിർത്തി വയ്ക്കേണ്ടി വന്നു.
രണ്ടാം മത്സരത്തിൽ ജയിച്ച് ഓസ്ട്രേലിയ ലീഡ് നേടിയിരുന്നെങ്കിലും മൂന്നും നാലും മത്സരങ്ങളിൽ ഓസീസിനെ മുട്ടുകുത്തിച്ച് 2-1ന് മുന്നിലെത്തി ഇന്ത്യ പരമ്പര നഷ്ടമാകില്ലെന്ന് ഉറപ്പിച്ചിരുന്നു. ഏകദിന പരമ്പയിൽ ഇന്ത്യയ്ക്ക് തോൽവി സമ്മാനിച്ച ഓസ്ട്രേലിയയെ ട്വന്റി-20 പരമ്പര സ്വന്തമാക്കി തിരിച്ചടി നൽകാനാണ് ഇന്ത്യയുടെ നീക്കം. എന്നാൽ ഇന്നത്തെ മത്സരം ജയിച്ച് പരമ്പര സമനിലയാക്കി മുഖം രക്ഷിക്കാനാണ് ഓസ്ട്രേലിയ ലക്ഷ്യമിടുന്നത്.