
വാഷിംഗ്ടൺ: യു.എസ് ജനപ്രതിനിധി സഭാ മുൻ സ്പീക്കറും മുതിർന്ന ഡെമോക്രാറ്റിക് പാർട്ടി നേതാവുമായി നാൻസി പെലോസി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നു. അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ ജനപ്രതിനിധിസഭയിലേക്ക് വീണ്ടും മത്സരിക്കില്ലെന്ന് 85കാരിയായ നാൻസി അറിയിച്ചു. നിലവിൽ കാലിഫോർണിയയിൽ നിന്നുള്ള സഭാംഗമാണ് നാൻസി. ജനപ്രതിനിധി സഭാ സ്പീക്കർ പദവിയിലെത്തുന്ന ആദ്യ വനിത നാൻസിയാണ്. ജോർജ് ബുഷിന്റെ കാലത്ത് 2007ൽ ഡെമോക്രാറ്റുകൾ സഭാ നിയന്ത്രണം നേടിയതോടെയാണ് നാൻസി ആദ്യമായി സ്പീക്കറായത്.
പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമായതോടെ 2011ൽ നാൻസി പദവിയൊഴിഞ്ഞു. തുടർന്ന് സഭയിലെ ന്യൂനപക്ഷ നേതാവായി തുടർന്നു. 2019ൽ വീണ്ടും സ്പീക്കർ സ്ഥാനത്തെത്തി. 2023ൽ പദവി ഒഴിഞ്ഞു. 1987ലാണ് നാൻസി ആദ്യമായി ജനപ്രതിനിധി സഭയിലെത്തിയത്.
2019ൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ജനപ്രതിനിധി സഭയിൽ നടന്ന ഇംപീച്ച്മെന്റ് നീക്കത്തിൽ അദ്ധ്യക്ഷത വഹിച്ചത് നാൻസിയായിരുന്നു.