
ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി -20 പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. ബ്രിസ്‌ബേനിലെ ഗാബയിൽ നടന്ന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരമാണ് മഴ കാരണം ഫലമില്ലാതെ ഉപേക്ഷിച്ചത്. എന്നാൽ മത്സരം ഉപേക്ഷിച്ചതോടെ ആദ്യ നാല് മത്സരങ്ങളിലെ ലീഡിന്റെ ബലത്തിൽ ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു. മത്സരം തുടങ്ങി 4.5 ഓവറുകൾ മാത്രം പിന്നിട്ടപ്പോഴാണ് ഇടിമിന്നലിനെ തുടർന്ന് കളി തടസപ്പെട്ടത്. പിന്നീട് കനത്ത മഴ പെയ്യുകയും കളി പുനഃരാരംഭിക്കാൻ കഴിയാതെ വരികയും ചെയ്തതോടെ രണ്ട് മണിക്കൂറിലധികം നീണ്ട കാത്തിരിപ്പിനൊടുവിൽ മത്സരം ഉപേക്ഷിക്കാൻ അമ്പയർമാർ തീരുമാനിക്കുകയായിരുന്നു.
കളി തടസ്സപ്പെടുന്നതിന് മുമ്പ് ഇന്ത്യൻ ഓപ്പണർമാർ മികച്ച പ്രകടനമാണ് നടത്തിയത്. അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് 50 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 13 പന്തിൽ 23 റൺസുമായി അഭിഷേകും 16 പന്തിൽ 29 റൺസുമായി ഗില്ലും തിളങ്ങി. രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ ജയിച്ചെങ്കിലും മൂന്നും നാലും മത്സരങ്ങളിൽ ഓസീസിനെ മുട്ടുകുത്തിച്ച് 2-1ന് മുന്നിലെത്തി ഇന്ത്യ പരമ്പര നഷ്ടമാകില്ലെന്ന് നേരത്തെ ഉറപ്പിച്ചിരുന്നു.
അതേസമയം ട്വന്റി- 20 ഫോർമാറ്റിൽ ഏറ്റവും കുറഞ്ഞ പന്തിൽ (528) 1000 റൺസ് നേടുന്ന ബാറ്റ്‌സ്മാനായി അഭിഷേക് ശർമ ലോക റെക്കാഡ് സ്വന്തമാക്കുകയും ചെയ്തു. ക്യാപ്ടൻ സൂര്യകുമാർ യാദവിന്റെ (573) റെക്കാഡ് ഭേദിച്ചാണ് അഭിഷേകിന്റെ നേട്ടം. ഓസീസ് താരങ്ങൾ രണ്ട് തവണ താരത്തിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നു. ശുഭ്മാൻ ഗിൽ ഒരു ഓവറിൽ നാല് ബൗണ്ടറികൾ സഹിതം തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. ക്യാപ്ടൻ സൂര്യകുമാർ യാദവിന്റെയും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെയും നേതൃത്വത്തിൽ ഇന്ത്യ നേടുന്ന തുടർച്ചയായ അഞ്ചാമത്തെ ട്വന്റി- 20 പരമ്പരയാണിത്. അഭിഷേക് ശർമയാണ് പ്ലെയർ ഓഫ് ദി സീരിസ്.