
ജെയിംസ്. ഡി വാട്സന്റെ വിയോഗത്തോടെ ഈ നൂറ്റാണ്ടിലെ ഈ മഹാനായ ഒരു ശാസ്ത്രജ്ഞനെ ലോകത്തിനു നഷ്ടമായിരിക്കുന്നു. നഗ്നനേത്രങ്ങൾക്കൊണ്ട് കാണാനാകാത്ത അതിസൂക്ഷ്മ ജീവികൾ മുതൽ ഭീമാകാരികളായ മറ്റേത് ജീവജാലങ്ങളുടെയും പാരമ്പര്യ സ്വഭാവ സവിശേഷതകൾ അടങ്ങിയിരിക്കുന്നത് ഡി.എൻ.എ അഥവാ ഡി ഓക്സിറൈബോന്യുക്ലിക് ആസിഡ് തന്മാത്രകളിൽ ആണ്. ഡി.എൻ.എയുടെ തന്മാത്രാ ഘടന കണ്ടെത്തിയതിന് ജെയിംസ് വാട്സൺ, ഫ്രാൻസിസ് ക്രിക്ക്, മൗറീസ് വിൽക്കിൻസ് എന്നിവർ 1962-ൽ ശരീരശാസ്ത്ര- വൈദ്യശാസ്ത്ര മേഖലയിലെ നോബൽ സമ്മാനം നേടി. പാരമ്പര്യത്തിന്റെ കടങ്കഥ പരിഹരിക്കാൻ സഹായിച്ച ഡി.എൻ.എയുടെ ഇരട്ട ഹെലിക്സ് ഘടനയെക്കുറിച്ചുള്ള അവരുടെ കണ്ടെത്തലുകൾക്കാണ് നോബൽ സമ്മാനം ലഭിച്ചത്. ജീവശാസ്ത്ര ശാഖയുടെ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായിരുന്നു ഈ കണ്ടെത്തൽ.
ശാസ്ത്രീയ ശ്രമങ്ങൾ
ജെയിംസ് വാട്സണും, ഫ്രാൻസിസ് ക്രിക്കും ആണ് ഡി.എൻ.എ ഘടന കണ്ടെത്തിയത് എന്നത് ഒരു പൊതു ധാരണയാണെങ്കിലും വാസ്തവത്തിൽ, പതിറ്റാണ്ടുകൾക്ക് മുമ്പ് ഡി.എൻ.എ ഘടന കണ്ടെത്താനുള്ള ശ്രമങ്ങൾ പല ശാസ്ത്രജ്ഞരും തുടങ്ങിയിരുന്നു. 1953-ൽ വാട്സനും, ക്രിക്കിനും ഡി.എൻ.എയുടെ ഘടനയെക്കുറിച്ച് വിപ്ലവകരമായ നിഗമനത്തിലെത്താൻ കഴിഞ്ഞത് ഈ പഠനങ്ങളുടെ പിന്തുടർച്ചയിലൂടെയാണ്. 1800-കളുടെ മദ്ധ്യകാലം മുതൽ 1900-ത്തിന്റെ ആദ്യ ദശകം വരെയുള്ള കാലഘട്ടത്തിൽ ശാസ്ത്രജ്ഞർ ഡി.എൻ.എയെക്കുറിച്ചും അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചും കൂടുതൽ മനസിലാക്കാനും, ജീവികളുടെ സ്വഭാവ സവിശേഷതകൾ പരമ്പരാഗതമായി പര്യവേക്ഷണം ചെയ്യുന്നതിന്റെ അനുമാനത്തിനുമായി ബാക്ടീരിയകളെയും, വൈറസുകളെയും ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ നടത്തിയിരുന്നു.
ഡി.എൻ.എയുടെ പ്രവർത്തനം പ്രധാനമായും അതിന്റെ ഘടനയെ ആശ്രയിച്ചാണ്. ഡി.എൻ.എയുടെ ത്രിമാന ഘടന ആദ്യമായി നിർദ്ദേശിച്ചത് ജെയിംസ് വാട്സനും ഫ്രാൻസിസ് ക്രിക്കും ആണ്. 1953-ൽ രണ്ടുപേരും ചേർന്ന് ഡി.എൻ.എ ഒരു ഇരട്ട ചുറ്റു ഗോവണി പോലെയാണ് എന്ന സിദ്ധാന്തം പ്രസിദ്ധീകരിച്ചു. ഗോവണിയുടെ കൈപ്പിടി പഞ്ചസാര തന്മാത്രകളും, ഫോസ്ഫേറ്റ് ഗ്രൂപ്പുകളുമാണ് രൂപപ്പെടുത്തുന്നത്. അഡിനൈൻ, സൈറ്റോസിൻ, ഗുവാനിൻ, തൈമിൻ എന്നീ നൈട്രജൻ ബേസുകളാണ് ഗോവണിയുടെ പടവുകളായി വർത്തിക്കുന്നത്. 10 പടവുകൾ കഴിയുമ്പോൾ ഒരു ശ്രേണി പൂർത്തിയാവുകയും ഇതുപോലെയുള്ള അടുത്ത 10 പടവുകൾ ചുറ്റുഗോവണിയുടെ അടുത്ത ശ്രേണിയുടെ പിന്തുടർച്ചയായി വരികയും ചെയ്യുന്നു. ഡി.എൻ.എ ചുറ്റുഗോവണിയിലെ ഓരോ പടവുകളിലുമുള്ള മേൽപ്പറഞ്ഞ നൈട്രജൻ ബേസുകളെ ഹൈഡ്രജൻ ബോണ്ടുകൾകൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു.
ഡി.എൻ.എ
ഘടന നിർണയം
ഡി.എൻ.എയുടെ ആകൃതി നിർണയിക്കാൻ റോസലിൻഡ് ഫ്രാങ്ക്ലിനും, മൗറീസ് വിൽക്കിൻസും നടത്തിയ എക്സ്-റേ ഡിഫ്രാക്ഷൻ പഠനങ്ങളുടെ തെളിവുകൾ വാട്സണും, ക്രിക്കും ഉപയോഗിച്ചു. ഇരട്ട ചുറ്റു കോവണിയുടെ രൂപത്തിലുള്ള ഡി.എൻ.എയുടെ ഘടനാ നിർവചനത്തിലേക്ക് എത്തിച്ചേരാൻ വാട്സണെയും ക്രിക്കിനെയും സഹായിച്ചത് ഈ എക്സ്-റേ ഡിഫ്രാക്ഷൻ പഠനങ്ങളാണ്. ഇത് ഡി.എൻ.എയുടെ ഇരട്ട ഗോവണി ഘടനയ്ക്കും അതിന്റെ കണ്ടുപിടിത്തത്തിൽ നോബൽ പ്രൈസ് ലഭിക്കാനുമുള്ള തലത്തിലേക്ക് വാട്സനെയും ക്രിക്കിനെയും വിൽക്കിൻസിനേയും എത്തിക്കുകയും ചെയ്തു. ഘടന കണ്ടെത്തുന്നതിൽ നിർണായക പങ്കുവഹിച്ച എക്സ്-റേ ഡിഫ്രാക്ഷൻ ചിത്രങ്ങളുടെ ശില്പി റോസലിൻഡ് ഫ്രാങ്ക്ലിൻ, സമ്മാനത്തിൽ ഉൾപ്പെട്ടില്ല എന്നത് വിവാദങ്ങൾക്കിടയാക്കിയിരുന്നു . (റോസലിൻഡ് ഫ്രാങ്ക്ലിൻ 1958-ൽ മരണപ്പെട്ടതിനാൽ 1962 ലെ നോബൽ സമ്മാന നാമനിർദ്ദേശത്തിന് അർഹത നേടിയില്ല).1954-ലെ ഒരു ലേഖനത്തിൽ, ഫ്രാങ്ക്ളിന്റെ ഡാറ്റ ഇല്ലായിരുന്നെങ്കിൽ, "ഞങ്ങളുടെ ഘടനയുടെ രൂപീകരണം അസാദ്ധ്യമല്ലെങ്കിൽ പോലും അസാദ്ധ്യമാകുമായിരുന്നു" എന്ന് വാട്സണും ക്രിക്കും അഭിപ്രായപ്പെട്ടിട്ടുണ്ട്.
1953 മേയ് 30-ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി പത്രമായ വാഴ്സിറ്റി, ഡി.എൻ.എയുടെ ഇരട്ട ഗോവണി ഘടന കണ്ടെത്തലിനെക്കുറിച്ച് ഒരു ചെറിയ ലേഖനം പ്രസിദ്ധീകരിച്ചു. 1953 ജൂൺ തുടക്കത്തിൽ, വാട്സണും ക്രിക്കും തങ്ങളുടെ കണ്ടെത്തൽ നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ചു. ആറാഴ്ചകൾക്കുശേഷം, വൈറസുകളെക്കുറിച്ചുള്ള 18-ാമത് കോൾഡ് സ്പ്രിംഗ് ഹാർബർ സിമ്പോസിയത്തിൽ ഡി.എൻ.എയുടെ ഇരട്ട- ഹെലിക്കൽ ഘടനയെക്കുറിച്ച് വാട്സൺ ഒരു പ്രബന്ധം കൂടി അവതരിപ്പിച്ചു. മീറ്റിംഗിൽ പങ്കെടുത്ത പലർക്കും ഇത് കേട്ടുകേൾവി ഇല്ലായിരുന്നു. ഡി.എൻ.എ ഇരട്ട ഹെലിക്സിന്റെ മാതൃക കാണാനുള്ള ആദ്യ അവസരമായിരുന്നു പ്രസ്തുത സിമ്പോസിയം. ഡി.എൻ.എയുടെ ഇരട്ട ഹെലിക്സ് ഘടനയുടെ പ്രസിദ്ധീകരണത്തെ ശാസ്ത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവായാണ് വിശേഷിപ്പിക്കുന്നത്.
ജീവന്റെ രഹസ്യം
തുറന്ന ശാസ്ത്രഞ്ജൻ
1956 മുതൽ 1976 വരെ, വാട്സൺ ഹാർവാർഡ് യൂണിവേഴ്സിറ്റി ബയോളജി ഡിപ്പാർട്ട്മെന്റിൽ തന്മാത്രാ ജീവശാസ്ത്രത്തിൽ ഗവേഷണം പ്രോത്സാഹിപ്പിച്ചു. നോബൽ സമ്മാനത്തിന്
പുറമേ പ്രസിഡന്റ് ജെറാൾഡ് ഫോർഡിൽ നിന്ന് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം, പ്രസിഡന്റ് ബിൽ ക്ലിന്റണിൽ നിന്ന് നാഷണൽ മെഡൽ ഓഫ് സയൻസ് എന്നിവ ഉൾപ്പെടെ നിരവധി അവാർഡുകളും സമ്മാനങ്ങളും വാട്സൺ നേടി. 1988-നും 1992-നും ഇടയിൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്തിൽ വാട്സൺ പ്രവർത്തിക്കുകയും, ഹ്യൂമൻ ജീനോം പ്രോജക്റ്റ് സ്ഥാപിക്കാനും, 2003 ൽ മനുഷ്യ ജീനോം മാപ്പിംഗ് പൂർത്തിയാക്കാനും ഇത് സഹായിച്ചു.
ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ആയിരുന്നപ്പോൾ വാട്സൺ രണ്ട് പുസ്തകങ്ങൾ രചിച്ചു. 1965-ൽ പ്രസിദ്ധീകരിച്ച “മോളിക്യുലാർ ബയോളജി ഓഫ് ദി ജീൻ”, 1968 ൽ പ്രസിദ്ധീകരിച്ച ഡബിൾ ഹെലിക്സും. 1969-ൽ, വാട്സൺ ക്യാൻസറിന് കാരണമാകുന്ന ഡി.എൻ.എ വൈറസുകളെക്കുറിച്ച് ഗവേഷണം കേന്ദ്രീകരിച്ചു. ഈ വൈറസുകളെക്കുറിച്ചുള്ള പഠനം, നോബൽ സമ്മാനത്തിനർഹമായ ആർ.എൻ.എ സ്പ്ലൈസിംഗിന്റെ കണ്ടെത്തൽ ഉൾപ്പെടെ, പ്രധാനപ്പെട്ട ജൈവ പ്രക്രിയകളുടെ നിരവധി അടിസ്ഥാന കണ്ടെത്തലുകൾക്ക് കാരണമായി.
അണുബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷം, നവംബർ 6ന് ന്യൂയോർക്കിലെ ഈസ്റ്റ് നോർത്ത്പോർട്ടിൽ വാട്സൺ തന്റെ 97-ാം വയസിൽ വിടപറഞ്ഞു. ന്യൂയോർക്ക് ടൈംസ് വാട്സണെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രജ്ഞരിൽ ഒരാളായി വിശേഷിപ്പിക്കുകയുണ്ടായി. ഡി.എൻ.എ എങ്ങനെ ജനിതക വിവരങ്ങൾ പകർത്തുകയും വഹിക്കുകയും ചെയ്യുന്നുവെന്ന കടങ്കഥ ചുരുളഴിച്ചതിൽ ജെയിംസ് ഡി വാട്ട്സൻ എന്ന ഈ നൂറ്റാണ്ടിലെ ഈ മഹാനായ ശാസ്ത്രജ്ഞനെ ലോകം എക്കാലവും സ്മരിക്കും. ജീവശാസ്ത്രരംഗത്ത് ഏറ്റവും വിപ്ലവാത്മകമായ പല കണ്ടുപിടിത്തങ്ങൾക്കും ആധാരമായ ഒന്നായിരുന്നു വാട്ട്സനും സംഘവും നടത്തിയ ഡി.എൻ.എയുടെ ഘടന നിർവചനം. എക്കാലത്തെയും ഏറ്റവും പ്രശസ്തമായ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളിൽ ഒന്നാണിത്. ഡി.എൻ.എയുടെ ഘടന അതിന്റെ ശില്പികൾക്ക് അത്ര എളുപ്പത്തിൽ നിർവചിക്കാനാകില്ലായിരുന്നു എങ്കിൽ തന്മാത്ര ജൈവശാസ്ത്രരംഗത്തും, ജൈവ സാങ്കേതിക വിദ്യയിലും പിന്നീടുണ്ടായ വിപ്ലവാത്മകമായ പല കണ്ടുപിടിത്തങ്ങളും ഒരു പക്ഷേ അസാദ്ധ്യമായി തന്നെ തുടരുമായിരുന്നു.
(തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ബോട്ടണി വിഭാഗം പ്രൊഫസറാണ് ലേഖിക)