
കണ്ണൂർ: ബി.എസ്.എൻ.എൽ സ്‌ക്വയറിൽ മുൻ മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ആർ.ശങ്കറിന്റെ അർദ്ധകായ പ്രതിമ മേയർ മുസ്ലീഹ് മഠത്തിൽ, എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവർ അനാച്ഛാദനം ചെയ്തു. കണ്ണൂരിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മുഖ്യമന്ത്രി പദത്തിലെത്തിയ നേതാവെന്ന നിലയിലാണ് ആർ.ശങ്കറിന്റെ പ്രതിമ കോർപ്പറേഷൻ മുൻകൈയെടുത്ത് സ്ഥാപിച്ചത്.
ഫൈബർഗ്ലാസിൽ അഞ്ചടി ഉയരമുള്ള ശില്പം ശ്രീനാരായണ ട്രസ്റ്റ് കണ്ണൂർ ആർ.ഡി.സിയും എസ്.എൻ.ഡി.പി യോഗം കണ്ണൂർ യൂണിയനുമാണ് സ്‌പോൺസർ ചെയ്തത്. പ്രശസ്ത ശില്പിയും ചിത്രകാരനുമായ കെ.കെ.ആർ.വെങ്ങര ശില്പം ഒരുക്കി. ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി.ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്,ടി.കെ.രാജേന്ദ്രൻ,സദാനന്ദൻ,എം.പി.രാജേഷ്,കെ.പി.വിനോദ് കുമാർ,കെ.എ.ഗംഗാധരൻ,എം.കെ.വിനോദ്,ശ്രീധരൻ കാരാട്ട്,സുരേഷ്ബാബു എളയാവൂർ,പി.പി.ജയകുമാർ എന്നിവർ പങ്കെടുത്തു.