
കൊച്ചി: അംഗീകാരമില്ലാത്ത പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഡിജിറ്റൽ സ്വർണം വാങ്ങുന്നതിൽ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ (സെബി) മുന്നറിയിപ്പ്. സെക്യൂരിറ്റീസ് മാർക്കറ്റ് പരിധിയിലുള്ള നിക്ഷേപക സംരക്ഷണ സംവിധാനങ്ങളൊന്നും അംഗീകൃതമല്ലാത്ത ഡിജിറ്റൽ, ഇ- ഗോൾഡ് ഉത്പന്നങ്ങളിലെ നിക്ഷേപങ്ങൾക്ക് ലഭ്യമാകില്ലെന്ന് സെബി അറിയിച്ചു. ഇന്നലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് സെബി ഇക്കാര്യം വ്യക്തമാക്കിയത്. ചില ഡിജിറ്റൽ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ നിക്ഷേപകർക്ക് 'ഡിജിറ്റൽ ഗോൾഡ്/ഇഗോൾഡ് ഉത്പന്നങ്ങളിൽ' നിക്ഷേപിക്കാൻ അവസരം നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇവയ്ക്ക് നിലവിലുള്ള സംരക്ഷണ സംവിധാനങ്ങൾ ബാധകമല്ലെന്നും സെബി അറിയിച്ചു. ഇവയെ സെക്യൂരിറ്റികളായി കണക്കാക്കുകയോ കമ്മോഡിറ്റി ഡെറിവേറ്റീവുകളായി നിയന്ത്രിക്കുകയോ ചെയ്യുന്നില്ലെന്നും സെബി വ്യക്തമാക്കി. അതേസമയം, സെബിയുടെ നിയന്ത്രണത്തിന്റെ കീഴിലുള്ള രജിസ്റ്റർ ചെയ്ത ഇടനിലക്കാർ വഴി നടത്തുന്ന സ്വർണ ഉത്പന്ന നിക്ഷേപങ്ങൾ സെബി നിശ്ചയിച്ചിട്ടുള്ള ചട്ടക്കൂടിനുള്ളിൽ വരും.
നിരവധി ഓൺലൈൻ പ്ലാറ്റ്ഫോമുകൾ പത്ത് രൂപ മുതൽ സ്വർണത്തിൽ നിക്ഷേപിക്കാനുള്ള പദ്ധതികൾ നിക്ഷേപകർക്കായി അവതരിപ്പിച്ചിട്ടുണ്ട്. നിക്ഷേപിക്കേണ്ട തുക വളരെ കുറവായതിനാൽ തന്നെ യുവാക്കളടക്കം നിരവധിപേർ ഇതിലേക്ക് ആകൃഷ്ടരായിട്ടുമുണ്ട്. എന്നാൽ, നിക്ഷേപിക്കുന്ന സ്ഥാപനം അംഗീകൃതമാണോ എന്ന് ഉറപ്പുവരുത്തണമെന്ന് സെബിയുടെ പുതിയ നിർദ്ദേശം പറയുന്നു.