
തിരുവനന്തപുരം : എറണാകുളം - ബംഗളുരു വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയിൽ വിദ്യാർത്ഥികൾ ആർ.എസ്.എസിന്റെ ഗണഗീതം പാടുന്ന വീഡിയോ വീണ്ടും എക്സിൽ പോസ്റ്റ് ചെയ്ത് ദക്ഷിണ റെയിൽവേ. വിവാദമായതിനെ തുടർന്ന് നേരത്തെ പിൻവലിച്ച വീഡിയോ ആണ് റെയിൽവേ വീണ്ടും പങ്കുവച്ചിരിക്കുന്നത്. ഗണഗീതത്തിന്റെ ഇംഗ്ലീഷ് വിവർത്തനം കൂടി ചേർത്താണ് പുതിയ പോസ്റ്റ്.
ഉദ്ഘാടനം കഴിഞ്ഞ് എറണാകുളത്തുനിന്ന് ബംഗളൂരുവിലേയ്ക്ക് പോയ വന്ദേ ഭാരത് ട്രെയിനിലാണ് കുട്ടികൾ 'പരമ പവിത്രമതാമീ മണ്ണിൽ ഭാരതാംബയെ പൂജിക്കാൻ' എന്നുതുടങ്ങുന്ന ആർഎസ്എസ് ഗണഗീതം ആലപിച്ചത്. ഇത് വിവാദമായതോടെ മണിക്കൂറുകൾക്കകം പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു. ആർഎസ്എസ് ഗണഗീതം കുട്ടികൾ സ്വമേധയാ ആലപിച്ചതാണോ അതോ അദ്ധ്യാപകർ പഠിപ്പിച്ചതാണോ എന്നത് വ്യക്തമല്ല.
നാല് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ളാഗ് ഓഫ് ചെയ്തത്. വാരാണസിയിൽ ഇന്നുരാവിലെയാണ് ഫ്ളാഗ് ഓഫ് നടന്നത്. ബനാറസ്- ഖജുരാഹോ, ലഖ്നൗ- സഹരൻപൂർ, ഫിറോസ്പൂർ- ഡൽഹി, എറണാകുളം- ബംഗളൂരു റൂട്ടുകളിലാണ് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ എത്തിയത്. പുതിയ എറണാകുളം- ബംഗളൂരു വന്ദേ ഭാരത് ട്രെയിൻ യാത്രാ സമയം രണ്ട് മണിക്കൂറിലധികം കുറയ്ക്കുമെന്നാണ് റെയിൽവേ മന്ത്രാലം അറിയിച്ചത്. എട്ട് മണിക്കൂർ 40 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കുമെന്നും റെയിൽവേ വ്യക്തമാക്കിയിരുന്നു.