
ഹരിപ്പാട് : മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തിന് തിങ്കളാഴ്ച തുടക്കമാകും. 11ന് പൂയം തൊഴൽ നടക്കും. 12നാണ് പ്രസിദ്ധമായ മണ്ണാറശാല ആയില്യം. എരിങ്ങാടപള്ളി, ആലക്കോട്ട് കാവ്, പാളപ്പെട്ടക്കാവ് എന്നീ കാവുകൾ ഉൾപ്പെടെയുള്ള അനുബന്ധകാവുകളിൽ പൂജകൾ നാളെ പൂർത്തിയാകും.
പുണർതം നാൾ വരെ നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും മുഴുക്കാപ്പ് ചാർത്തും. നാളെ നാഗരാജ സ്വാമിയ്ക്ക് ഏകാദശ രുദ്രാഭിഷേകവും ഇല്ലത്ത് നിലവറയ്ക്ക് സമീപം സർപ്പം പാട്ടുതറയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ രുദ്രമൂർത്തിയായ മഹാദേവന് രുദ്രഏകാദശിനീ കലശാഭിഷേകവും നടക്കും. വൈകിട്ട് കളമെഴുത്തും പാട്ടും ഉണ്ടാകും. രാവിലെ 6നും 10നും മദ്ധ്യേ കലശപൂജയും, അഭിഷേകവും. വൈകിട്ട് 6.30ന് കളമെഴുതി പുള്ളുവൻപാട്ടും നടക്കും.
പുണർതം നാളായ തിങ്കളാഴ്ച വൈകിട്ട് 5ന് മഹാദീപക്കാഴ്ച നടക്കും. കുടുംബ കാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരി തിരിതെളിക്കും. വൈകിട്ട് 7.30ന് ചലച്ചിത്രതാരം നവ്യ നായർ അവതരിപ്പിക്കുന്ന നടനാഞ്ജലി. പൂയം നാളായ 11ന് രാവിലെ എട്ടിന് തിരൂർ പവിത്രനാദത്തിന്റെ ഇടയ്ക്കധ്വനി. 9.30ന് നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തി ചതുശ്ശത നിവേദ്യത്തോടെ അമ്മയുടെ കാർമ്മികത്വത്തിൽ ഉച്ചപൂജ, വൈകിട്ട് 5 മുതൽ പൂയം തൊഴൽ, 7ന് പൂയം തൊഴലിന്റെ ഭാഗമായി ഇളമുറയിൽപ്പെട്ട അന്തർജനങ്ങൾക്കൊപ്പം അമ്മയുടെ ആചാരപരമായ ക്ഷേത്രദർശനം. ആയില്യം നാളായ 12ന് പുലർച്ചെ 4ന് നടതുറക്കും. എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജകൾ നടക്കും.
വാസുകി ഭാവത്തിലുള്ള തിരുവാഭരണമാണ് ആയില്യം നാളിൽ ചാർത്തുന്നത്. അന്ന് രാവിലെ 9 മുതൽ ഇല്ലത്ത് നിലവറയ്ക്ക് സമീപം അമ്മ ഭക്തജനങ്ങൾക്ക് ദർശനം നൽകും. രാവിലെ 10 മുതൽ മണ്ണാറശാല യു.പി സ്‌കൂൾ അങ്കണത്തിൽ മഹാപ്രസാദമൂട്ട്. ഉച്ചപൂജയ്ക്കശേഷം കുടുംബകാരണവരുടെ നേതൃത്വത്തിൽ നിലവറയോട് ചേർന്നുള്ള തളത്തിൽ ശംഖ്, കുരവ എന്നിവയുടെ അകമ്പടിയോടെ ആയില്യം പൂജയ്ക്കായുള്ള നാഗപത്മക്കളം വരയ്ക്കും. കളം പൂർത്തിയാകുന്നതോടെ അമ്മ തീർത്ഥക്കുളത്തിൽ കുളിച്ച് ക്ഷേത്രത്തിലെത്തി ചടങ്ങുകൾക്ക് ശേഷം ആയില്യം എഴുന്നള്ളത്ത് നടത്തും. എഴുന്നള്ളത്ത് ഇല്ലത്ത് എത്തുന്നതോടെ അമ്മയുടെ കാർമ്മികത്വത്തിൽ ആയില്യം പൂജ ആരംഭിക്കും. നൂറുംപാലും, ഗുരുതി, തട്ടിൻമേൽ നൂറുംപാലും ഉൾപ്പടെയുള്ള ആയില്യം പൂജകൾ പൂർത്തിയാകുമ്പോൾ അർദ്ധരാത്രിയാകും. ആയില്യം പൂജകൾക്ക് ശേഷം അമ്മയുടെ അനുമതിവാങ്ങി കുടുംബകാരണവർ നടത്തുന്ന തട്ടിന്മേൽ നൂറുംപാലും പ്രധാനമാണ്. ഇതിന് ശേഷം അമ്മയുടെ ആചാരപരമായ ക്ഷേത്രദർശനത്തോടെ ആയില്യം നാളിലെ ആഘോഷങ്ങൾ പൂർത്തിയാകും.