pic

കയ്റോ: ഈജിപ്റ്റിലെ ഗിസയിൽ 2005ൽ നിർമ്മാണം തുടങ്ങിയ ഗ്രാന്റ് ഈജിപ്ഷ്യൻ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു. പുരാതന ഈജിപ്ഷ്യൻ ശേഷിപ്പുകളുടെ ലോകത്തെ ഏറ്റവും വലിയ കളക്ഷനാണ് ഗ്രാന്റ് ഈജിപ്ഷ്യൻ മ്യൂസിയത്തിൽ കാണാനാവുക. ലോകത്തെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയമെന്ന റെക്കാഡും ഇതിനാണ്.

5,00,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഗ്രാന്റ് ഈജിപ്ഷ്യൻ മ്യൂസിയം ഗിസ പിരമിഡുകളിൽ നിന്ന് 2 കിലോമീറ്റർ അകലെയായിട്ടാണ് നിർമ്മിച്ചിട്ടുള്ളത്. തുത്തൻഖാമൻ രാജാവിന്റെ കല്ലറയിൽ നിന്ന് ലഭിച്ച അമൂല്യ നിധി അടക്കം 1,00,000 ത്തിലേറെ വസ്തുക്കൾ ഇവിടെയുണ്ട്.

റാംസെസ് രണ്ടാമൻ ഫറവോയുടെ 11 മീറ്റർ ഉയരമുള്ള കൂറ്റൻ പ്രതിമയും പ്രദർശിപ്പിച്ചിട്ടുണ്ട്. തുത്തൻഖാമന്റെ കല്ലറയിലെ വസ്തുക്കൾ എല്ലാം ആദ്യമായി ഒരുമിച്ച് കാണാം. 2012ലായിരുന്നു മ്യൂസിയം ശരിക്കും തുറക്കേണ്ടിയിരുന്നത്. എന്നാൽ ചെലവ്, രാഷ്ട്രീയ പ്രതിസന്ധി, കൊവിഡ് മഹാമാരി തുടങ്ങിയ വിവിധ കാരണങ്ങൾ മൂലം വൈകുകയായിരുന്നു. 120 കോടി ഡോളറിലേറെ തുക ചെലവായി. പ്രതിവർഷം 80 ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.

 ഖുഫു രാജാവിന്റെ ' സോളാർ ബോട്ട് "

ഈജിപ്റ്റിലെ ഖുഫു രാജാവിനായി നിർമ്മിക്കപ്പെട്ട ' സോളാർ ബോട്ട് " എന്നറിയപ്പെടുന്ന നൗകയെ ഇവിടെ കാണാം. 4,​600 വർഷം പഴക്കമുണ്ട് ഇതിന്. ദേവദാരു വൃക്ഷത്തിന്റെ തടികൊണ്ടാണ് പുരാതന ബോട്ട് നിർമ്മിച്ചിരിക്കുന്നത്. 142 അടി നീളവും 19 അടി വീതിയും 20 ടൺ ഭാരവുമുണ്ട്. ഗിസ പിരമിഡിനുള്ളിലെ ഏറ്റവും തെക്ക് ഭാഗത്ത് നിന്ന് 1954ലാണ് ഈ ബോട്ട് കണ്ടെത്തിയത്.

ഏതാണ്ട് 2566 ബിസിയിലാണ് ഗിസയിലെ ഗ്രേറ്റ് പിരമിഡിന്റെയുള്ളിലെ കുഴിയിൽ ഈ ബോട്ടിനെ അടക്കം ചെയ്തതെന്ന് കരുതുന്നു. ഈജിപ്റ്റിൽ പിരമിഡുകൾക്കുള്ളിൽ വേറെയും ബോട്ടുകളെ അടക്കം ചെയ്ത നിലയിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും വലിപ്പത്തിൽ മുന്നിൽ ഗിസയിൽ കണ്ടെത്തിയ ഈ ബോട്ട് ആണ്. മാത്രമല്ല, കേടുപാട് കൂടാതെ കണ്ടെത്തിയവയിൽ ലോകത്തെ ഏറ്റവും പഴക്കമേറിയ ബോട്ടും ഇത് തന്നെയാണ്. ബി.സി 2600ലാണ് ഗിസയിലെ ഗ്രേറ്റ് പിരമിഡിന്റെ നിർമ്മാണം പൂർത്തിയായത്. ഏകദേശം 20 വർഷത്തോളം ഈ പിരമിഡിന്റെ നിർമ്മാണത്തിന് വേണ്ടി വന്നതായി ചരിത്രകാരൻമാർ പറയുന്നു.

476 അടി ഉയരമുള്ള ഗിസയിലെ ഗ്രേറ്റ് പിരമിഡിനുള്ളിൽ ഇനിയും രഹസ്യ അറകളുണ്ടാകാമെന്നാണ് ഗവേഷകർ പറയുന്നത്. പുരാതന ലോകാത്ഭുതങ്ങളിൽ ഒന്നായ ഗിസ പിരമിഡിന്റെ നിർമ്മാണം ഇന്നും ശാസ്ത്രലോകത്തിന് ഒരു അത്ഭുതമാണ്. ഈജിപ്റ്റിന്റെ തലസ്ഥാനമായ കെയ്റോയ്ക്ക് സമീപമാണ് ഗ്രേറ്റ് പിരമിഡ് സ്ഥിതി ചെയ്യുന്ന ഗിസ നഗരമുള്ളത്. ഈജിപ്റ്റിലെ നാലാം രാജവംശത്തിലെ ഭരണാധികാരിയായിരുന്ന ഖുഫുവിന് വേണ്ടി നിർമ്മിച്ച ഗിസ ഗ്രേറ്റ് പിരമിഡ് ലോകത്തിലെ ഏറ്റവും വലിയ പിരമിഡാണ്.

 തുത്തൻഖാമൻ കല്ലറ

ഈജിപ്ഷ്യൻ ഫറവോമാരിൽ ഏറ്റവും കൂടുതൽ ലോകശ്രദ്ധനേടിയ ഒരാളാണ് തുത്തൻഖാമൻ. 1922ൽ നൈൽ നദിയുടെ തീരത്ത് ലക്സർ നഗരത്തിനടുത്തുള്ള വാലി ഒഫ് കിംഗ്സിൽ ഇംഗ്ലീഷ് ആർക്കിയോളജിസ്റ്റായ ഹൊവാർഡ് കാർട്ടർ ആണ് തുത്തൻഖാമന്റെ കല്ലറ കണ്ടെത്തിയത്. കല്ലറയിൽ നിരവധി അമൂല്യ വസ്തുക്കളുണ്ടായിരുന്നു. പ്രശസ്തമായ തുത്തൻഖാമന്റെ മുഖംമൂടിയും കഠാരയുമൊക്കെ ഇതിൽപ്പെടുന്നു. കല്ലറയിലുണ്ടായിരുന്ന അമൂല്യ വസ്തുക്കളിൽ ഒരു ഭാഗം മോഷ്ടിക്കപ്പെട്ടെന്നാണ് കഥ. തുത്തൻഖാമന്റെ കല്ലറ തുറന്നവർ ദുരൂഹ സാഹചര്യങ്ങളിൽ മരിച്ചതുമായി ബന്ധപ്പെട്ട ശാപക്കഥകളും പ്രചാരത്തിലുണ്ട്. എന്നാൽ പുരാതന വൈറസുകളെയാണ് ഈ മരണങ്ങൾക്ക് കാരണമായി ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നത്.

ബി.സി 1332 - ബി.സി 1323 കാലഘട്ടത്തിൽ ഈജിപ്റ്റിലെ ഫറവോ ആയിരുന്നു തുത്തൻഖാമൻ. 18ാം രാജവംശത്തിൽപ്പെട്ട തുത്തൻഖാമൻ എട്ടോ ഒമ്പതോ വയസുള്ളപ്പോൾ അധികാരത്തിലേറിയെന്ന് പറയപ്പെടുന്നു. 19 വയസുള്ളപ്പോഴാണ് തുത്തൻഖാമൻ മരിച്ചത്. തുത്തൻഖാമൻ എങ്ങനെ മരിച്ചു എന്നത് ഇന്നും തർക്ക വിഷയമാണ്.


കാലിലെ ഒടിവ്, രഥത്തിൽ നിന്നുള്ള വീഴ്ച തുടങ്ങി മലേറിയ ബാധ വരെ മരണകാരണങ്ങളായി പറയപ്പെടുന്നു. തുത്തൻഖാമന് സിക്കിൾ സെൽ അനീമിയ ഉണ്ടായിരുന്നിരിക്കാമെന്നാണ് മറ്റൊരുവാദം. തലക്കടിയേറ്റാകാം മരണമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അത് തെറ്റാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു.