venu

തിരുവനന്തപുരം: കൊല്ലം സ്വദേശി വേണു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ച സംഭവത്തിൽ ചികിത്സാവീഴ്ചയില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കേസ് ഷീറ്റിൽ പോരായ്മകൾ ഇല്ലെന്നും ചികിത്സാ പ്രോട്ടോക്കോൾ പാലിച്ചതായുമാണ് രേഖകൾ. ചികിത്സയിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് വേണുവിനെ ചികിത്സിച്ച ഡോക്ടർമാരും മൊഴി നൽകി. ആശയവിനിമയത്തിൽ അപാകത ഉണ്ടായോയെന്നത് പ്രത്യേകം പരിശോധിക്കണം.

ആരോഗ്യ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ. ടി കെ പ്രേമലതയുടെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷണം നടത്തുന്നത്. അന്തിമ റിപ്പോർട്ട് നാളെ സമർപ്പിക്കും. അതേസമയം, ചികിത്സാപ്പിഴവില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് മെഡിക്കൽ കോളേജ് അധികൃതർ. ഡിഎംഇയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും ആരോഗ്യവകുപ്പ് തുടർ നടപടികളിലേക്ക് കടക്കുക. ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശിച്ച പ്രകാരമാണ് അന്വേഷണം. വേണുവിന്റെ കൂടുതൽ ശബ്ദസന്ദേശം ഇന്നലെ പുറത്തുവന്നിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതരമായ പരാതിയാണ് സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിൽ വേണു ആരോപിച്ചിരിക്കുന്നത്. 'എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്തം ആശുപത്രി ഏൽക്കുമോ? കുടുംബത്തിനുണ്ടാകുന്ന നഷ്ടം അവർക്ക് നികത്താനാകുമോ? ആശ്രയം തേടിവരുന്ന സാധാരണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോ? അത്രയ്ക്ക് സങ്കടം വന്നിട്ടാണ് ഇത് അയക്കുന്നത്'- എന്നിങ്ങനെയാണ് വേണു അയച്ച ശബ്ദസന്ദേശത്തിലുള്ളത്.

മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് വേണു സുഹൃത്തിനയച്ച ശബ്ദസന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. ജീവനക്കാർ നായയെ നോക്കുന്ന കണ്ണുകൊണ്ടുപോലും രോഗികളെ നോക്കുന്നില്ലെന്നതടക്കമുള്ള ആരോപണങ്ങളാണ് ശബ്ദസന്ദേശത്തിലുണ്ടായിരുന്നത്. താൻ മരിച്ചാൽ മെഡിക്കൽ കോളേജ് ആശുപത്രിയാണ് കാരണമെന്നും ശബ്ദസന്ദേശത്തിൽ പറഞ്ഞിരുന്നു. എന്തെങ്കിലും അറിയേണ്ട കാര്യങ്ങൾ ചോദിച്ചാൽ കേട്ടഭാവമില്ല. കൈക്കൂലി വാങ്ങിയാണോ ഇവർ കാര്യങ്ങൾ ചെയ്യുന്നതെന്ന് അറിയില്ലെന്നും സഹപാഠിയായ അൻവറിന് അയച്ച ശബ്ദസന്ദേശത്തിലുണ്ട്. രോഗാവസ്ഥയെക്കുറിച്ച് വേണുവിനെയോ ഭാര്യയെയോ ധരിപ്പിക്കുന്നതിൽ ഡോക്ടർമാർക്ക് വീഴ്ചയുണ്ടായെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

വേണുവിന്റെ മരണത്തിൽ ബന്ധുക്കൾ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിരിക്കുകയാണ്. സംഭവത്തിൽ മന്ത്രി വീണാജോർജ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥനോട് റിപ്പോർട്ട് തേടിയിരുന്നു. വീഴ്ച സംഭവിച്ചിട്ടില്ലെന്നും കാർഡിയോളജി വിഭാഗം കൃത്യമായ ചികിത്സ നൽകിയെന്നുമാണ് ആശുപത്രി സൂപ്രണ്ട് ഡോ. ജയചന്ദ്രൻ പറഞ്ഞത്.