campus

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ സംസ്‌കൃതം മേധാവിക്കെതിരെ ജാതി അധിക്ഷേപ പരാതിയിൽ കേസെടുത്തു. ക്യാമ്പസിലെ എസ്എഫ്ഐ നേതാവും ഗവേഷകനുമായ വിപിൻ വിജയനാണ് അദ്ധ്യാപികയായ വിജയകുമാരിക്കെതിരെ ശ്രീകാര്യം പൊലീസിൽ പരാതി നൽകിയത്.എസ്‌സി, എസ്ടി നിയമപ്രകാരമാണ് കേസ്. അദ്ധ്യാപിക ജാതി പറഞ്ഞ് ആക്ഷേപിക്കുകയും തീസിസിൽ ഒപ്പിട്ടില്ലെന്നുമാണ് വിദ്യാർത്ഥിയുടെ പരാതി.

അതേസമയം, സംഭവത്തിൽ അദ്ധ്യാപികയും പ്രതികരിച്ചിരുന്നു. ഗവേഷക വിദ്യാർത്ഥിയായ വിപിന് വിഷയത്തിൽ പ്രാവീണ്യമില്ലെന്ന് അദ്ധ്യാപിക വിലയിരുത്തിയിരുന്നു. വിദ്യാ​ർത്ഥിക്ക് ഓപ്പൺ ഡിഫൻസിൽ ചോദ്യങ്ങൾക്ക് ഉത്തരമുണ്ടായിരുന്നില്ലെന്നും സംസ്കൃതം അറിയില്ലെന്നും വകുപ്പ് മേധാവി കഴിഞ്ഞ മാസം അവസാനം പുറത്തുവിട്ട കത്തിൽ പറയുന്നുണ്ട്. സംസ്കൃതം അറിയാത്ത വിദ്യാർത്ഥിക്ക് സംസ്കൃതത്തിൽ പിഎച്ച്ഡി നൽകാൻ ശുപാർശ ചെയ്ത എസ്എഫ്ഐ നേതാവിനെതിരെ പരാതിയും നൽകിയിരുന്നു. അദ്ധ്യാപിക വൈസ് ചാൻസിലർക്ക് പരാതി നൽകിയിരുന്നു.

സദ്ഗുരു സർവസ്വം, ഒരു പഠനം എന്ന പേരിൽ ചട്ടമ്പിസ്വാമികളെക്കുറിച്ചുള്ളതാണ് വിദ്യാർത്ഥിയുടെ തീസിസ്.അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയതായി വിസിയും മറുപടി നൽകിയിരുന്നു. രജിസ്ട്രാർ, റിസർച്ച് ഡയറക്ടർ എന്നിവർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.സംഭവത്തിൽ വിപിൻ വിജയനും പ്രതികരിച്ചിട്ടുണ്ട്.

പരാതിക്ക് പിന്നിൽ അദ്ധ്യാപികയ്ക്കുള്ള വ്യക്തിവിരോധമാണെന്നാണ് വിപിൻവിജയൻ പറയുന്നത്. കാര്യവട്ടം ക്യാമ്പസിലെ റിസർച്ചേർസ് യൂണിയൻ ഭാരവാഹിയാണ് വിപിൻ വിജയൻ. അതേസമയം, ആറുവർഷം മുൻപാണ് വിപിൻ വിജയൻ റിസർച്ചേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നതെന്നും നിലവിൽ എസ്എഫ്ഐയുമായി ബന്ധമില്ലെന്നും ജില്ലാ ഭാരവാഹികൾ അറിയിച്ചു.