students

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ സർക്കാർ സ്കൂളിൽ കുട്ടികൾക്ക് കടലാസ് നിലത്തിട്ട് ഭക്ഷണം വിളമ്പിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ഷിയോപൂർ ജില്ലയിലെ ഹുല്ലാപൂർ സർക്കാർ സ്കൂളിലെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. ജീവനക്കാരുടെയും സ്കൂളിലെ പാത്രങ്ങളുടെയും കുറവുകാരണം കഴിഞ്ഞ ഒരാഴ്ചയായി പഴയ കടലാസിലാണ്‌ ഭക്ഷണം വിളമ്പിയതെന്നും കണ്ടെത്തി. പുറത്തുവന്ന വീഡിയോയിൽ അദ്ധ്യാപകരെ കാണുന്നില്ല. സംഭവത്തിൽ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കൂടുതൽ നടപടികൾ സ്വീകരിച്ചുവരികയാണെന്നാണ് അധികൃതർ അറിയിച്ചത്. ഭക്ഷണം വിളമ്പാൻ കരാറെടുത്ത സ്വയംസഹായ സംഘത്തെ സസ്പെൻഡ് ചെയ്തു. സ്കൂളിലെ പ്രധാന അദ്ധ്യാപകന് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. സ്കൂളിന്റെ ചുമതലയുള്ള ഭോഗിറാം ധാക്കഡിനെയും ജില്ലാ വിദ്യാഭ്യാസ ഓഫീസർ സസ്‌പെൻഡ് ചെയ്തു.സംഭവം വിവാദമായതോടെ സംസ്ഥാനതലത്തിലും കേന്ദ്രതലത്തിലും വലിയ രീതിയിലുളള വിമർശനങ്ങളാണ് ഉയരുന്നത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്ക് പോഷകസമൃദ്ധവും ശുചിത്വവുമുള്ള ഭക്ഷണം നൽകാൻ ഉദ്ദേശിച്ചുള്ള പ്രധാൻമന്ത്രി പോഷൺ ശക്തി നിർമ്മാൺ (പിഎം പോഷൺ) പദ്ധതിയുടെ പോരായ്മകളാണ് ഉയർന്നതെന്നാണ് ആരോപണം.

സംഭവത്തിന്റെ വീഡിയോ രാഹുൽഗാന്ധിയും എക്സിൽ പങ്കുവച്ചിട്ടുണ്ട്. പ്രധാനമന്ത്രിയും മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും ലജ്ജിക്കണമെന്നും അദ്ദേഹം കുറിച്ചു. വീഡിയോ തന്റെ ഹൃദയം തകർത്തെന്നും മദ്ധ്യപ്രദേശിലേക്ക് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. 20 വർഷത്തിലധികമായി ഭരിക്കുന്ന ബിജെപി സർക്കാർ കുട്ടികളുടെ പ്ലേറ്റുകൾ പോലും അപഹരിച്ചെന്നും ഇവരുടെ വികസനം വെറും മിഥ്യയാണെന്നും രാഹുൽ പരിഹസിച്ചു.