
കൊല്ലം: കൊല്ലത്ത് ജീവനൊടുക്കിയ യുവതി അച്ഛനവുമായി ഫോണിൽ സംസാരിക്കുന്ന സംഭാഷണം പുറത്ത്. ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും വലിയ മാനസിക പീഡനമേൽക്കേണ്ടി വന്നതായി ശൂരനാട് സ്വദേശിയായ രേഷ്മ (29) ഫോൺ സംഭാഷണത്തിൽ പറയുന്നു. അച്ഛനെ വിളിച്ചുകൊണ്ട് കരഞ്ഞാണ് രേഷ്മ സങ്കടങ്ങൾ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി പുന്നപ്രയിലെ ഭർതൃവീട്ടിൽ ജീവനൊടുക്കിയത്.
2018 മാർച്ചിലാണ് രേഷ്മയുടെ വിവാഹം നടന്നത്. ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങളും മാനസിക പീഡനവും കാരണമാണ് രേഷ്മ ജീവനൊടുക്കിയതെന്ന് കുടുംബം പറയുന്നു. രേഷ്മയുടെ സംസ്‌കാരച്ചടങ്ങുകളിൽ ഭർതൃവീട്ടുകാർ പങ്കെടുത്തിരുന്നില്ല. പൊലീസിന്റെ സഹായത്തോടെയാണ് ആറ് വയസുള്ള മകനെ സംസ്‌കാരത്തിന് പങ്കെടുപ്പിച്ചതെന്ന് കുടുംബം പറയുന്നു.
രേഷ്മയുടെ ഫോൺസംഭാഷണത്തിലെ ചില ഭാഗങ്ങൾ
'സന്തോഷത്തോടെ ജീവിക്കാനൊന്നും ഇവർ സമ്മതിക്കില്ല. എന്നെ വേണ്ടാത്ത ഒരാളോട് ഞാനെന്തിനാ കെഞ്ചിക്കെഞ്ചി നിൽക്കുന്നത്? എന്റെ സ്വന്തം കാലിൽ നിൽക്കാൻ ഞാൻ പ്രാപ്തയാണ്. എനിക്ക് പറ്റും കുഞ്ഞിനെ വളർത്താൻ. ആണ് ഉണ്ടെങ്കിൽ മാത്രമേ ഒരു സ്ത്രീക്ക് ജീവിക്കാൻ പറ്റുള്ളോ? ഞാൻ എങ്ങോട്ടെങ്കിലും മാറിത്താമസിച്ച് ആ ജോലിയും കൊണ്ട് കുട്ടിയെ നോക്കിക്കോളാം.
1000 രൂപ കൊടുത്താൽ അയാൾക്ക് ഇഷ്ടംപോലെ പേരെ കിട്ടുമെന്നാണ് അയാളും അയാളുടെ കുടുംബവും പറയുന്നത് ഞാനാണ് പ്രശ്നമെന്നാ, ഞാനാണ് പിഴയെന്ന്. എനിക്കിനി സഹിക്കാൻ വയ്യ. അയാൾ മാറുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ ഞാനെന്ത് ചെയ്യാനാ. അയാൾ മാറിയിട്ടില്ല. അയാളുടെ അച്ഛൻ എന്റെ മുഖത്ത് നോക്കി പറഞ്ഞതാ, അയാളുടെ ചെലവിലാ ഞാൻ നിൽക്കുന്നതെന്ന്. മടുത്തു.
എന്റെ പിറന്നാളിനൊക്കെ കേക്ക് മുറിച്ചപ്പോ ഞാനെത്ര മാത്രം സന്തോഷിച്ചെന്ന് അറിയാമോ? പക്ഷേ അതൊക്കെ അയാളുടെ വെറും അഭിനയമായിരുന്നു. 300 രൂപയുടെ കേക്ക് മേടിച്ചോണ്ട് വന്നപ്പോ. ഞാനെന്റെ, എനിക്ക് പറയാൻ അറിയത്തില്ലച്ഛാ..ആഹാരം കഴിക്കുന്നതിനുവരെ കണക്കല്ലേ ഇവിടെ.