
തിരുവനന്തപുരം: കേരള സർവകലാശാല മുൻ വെെസ് ചാൻസലർ ഡോ. വി പി മഹാദേവൻ പിള്ള (67) അന്തരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ഇന്ന് രാവിലെ 8.30നായിരുന്നു അന്ത്യം. പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ സ്വദേശിയാണ് അദ്ദേഹം. തിരുവനന്തപുരത്ത് ഉള്ളൂരിലാണ് സ്ഥിരതാമസം. നാളെ (10/11/2025) ഉച്ചക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ പൊതുദർശനം. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ സംസ്കാരം നടക്കും.
കേരള സർവകലാശാലയിലെ ഓപ്ടോ ഇലക്ട്രോണിക്സ് വിഭാഗം മേധാവിയും അപ്ലെെഡ് സയൻസ് ഫാക്കൽറ്റി ഡീനുമായിരിക്കെയാണ് 2018ൽ അദ്ദേഹത്തെ കേരള സർവകലാശാല വെെസ് ചാൻസലറായി നിയമിക്കുന്നത്. അന്നത്തെ ഗവർണറും സർവകലാശാല ചാൻസലറുമായ പി സദാശിവമാണ് മഹാദേവൻ പിള്ളയെ നാല് വർഷത്തേക്ക് വെെസ് ചാൻസലറായി നിയമിച്ചത്.
കേരള സർവ്വകലാശാലയിൽ നിന്ന് 1980ൽ ബിഎസ്‌സി, 1982ൽ എംഎസ്‌സി, 1992-ൽ എം.ഫിൽ, 1996-ൽ പിഎച്ച്ഡി എന്നിവ പൂർത്തിയാക്കിയ അദ്ദേഹം 1982 മുതൽ 2001 വരെ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിൽ ഫിസിക്സ് വിഭാഗത്തിൽ ലക്ചറർ ആയി സേവനമനുഷ്ഠിച്ചു. 2001 മെയ് 17ന് കേരള സർവകലാശാലയിലെ ഓപ്ടോ ഇലക്‌ട്രോണിക്‌സ് വകുപ്പിൽ റീഡറായി ചേർന്നു. 2005 ജൂലൈ 1ന് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചു. ആകെ 36 വർഷത്തെ അദ്ധ്യാപന പരിചയം അദ്ദേഹത്തിനുണ്ടായിരുന്നു.
കേരള സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് (ഓപ്‌ടോ ഇലക്‌ട്രോണിക്‌സ്) ചെയർമാൻ സ്ഥാനം വഹിച്ചിട്ടുണ്ട്. കുസാറ്റ്, പെരിയാർ യൂണിവേഴ്സിറ്റി, അളഗപ്പ യൂണിവേഴ്സിറ്റി, പണ്ഡിറ്റ് രവിശങ്കർ ശുക്ല യൂണിവേഴ്സിറ്റി തുടങ്ങിയ വിവിധ സർവ്വകലാശാലകളിലെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു. കേരള സർവകലാശാലയുടെ സെനറ്റ്, അക്കാദമിക് കൗൺസിൽ, അപ്ലൈഡ് സയൻസ് ആൻഡ് ടെക്നോളജി ഫാക്കൽറ്റി എന്നിവയിൽ അംഗമായി പ്രവർത്തിച്ചു.
ജർമ്മനിയിലെ കാൾസ്റൂഹെ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസസിലെ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെൻസോറിക്സ് ആൻഡ് ഇൻഫർമേഷൻ സയൻസ്) വിസിറ്റിംഗ് പ്രൊഫസറായിരുന്നു. മെറ്റീരിയൽ റിസർച്ച് സൊസൈറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷൻ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ ലൈഫ് മെമ്പർഷിപ്പ് ഉണ്ടായിരുന്നു.