sivankutty

കൊച്ചി: എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ഉദ്ഘാടനത്തിനിടെ കുട്ടികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവം അതീവ ഗൗരവകരമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കുട്ടികളെ ഏതെങ്കിലും ഒരു രാഷ്ട്രീയ സംഘടനയുടെ വർഗ്ഗീയ അജണ്ടകൾക്ക് ഉപയോഗിക്കുന്നത് ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനവും പ്രതിഷേധാർഹവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. നമ്മുടെ കുട്ടികളുടെ മതനിരപേക്ഷ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

'വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയിൽവേയുടെ നടപടി ഭരണഘടനാ തത്വങ്ങളുടെയും മതനിരപേക്ഷതയുടെയും നഗ്നമായ ലംഘനമാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ വർഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഈ നീക്കം ഒരുകാരണവശാലും അംഗീകരിക്കാനാവില്ല; ഇത് നമ്മുടെ കുട്ടികളെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമമാണ്. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചുകടത്തൽ തിരിച്ചറിഞ്ഞുകൊണ്ട്, മതനിരപേക്ഷത തകർക്കാൻ ലക്ഷ്യമിട്ടുള്ള ഈ സങ്കുചിത രാഷ്ട്രീയത്തിനെതിരെ മുഴുവൻ ജനങ്ങളും ശക്തമായി പ്രതിഷേധിക്കണം'- വി ശിവൻകുട്ടി പറഞ്ഞു.