
കൊൽക്കത്ത: റെയിൽവേ സ്റ്റേഷൻ പരിസരത്ത് മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന നാല് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് ഓടയിൽ ഉപേക്ഷിച്ചു. കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കൊൽക്കത്തയിലെ ഹൂഗ്ലിയിൽ താരഗേശ്വറിലാണ് സംഭവം.നാലുവയസുകാരിയെ കൊതുക് വല മുറിച്ച് അജ്ഞാതനായ ഒരാൾ തട്ടിക്കൊണ്ട് പോകുകയും കുട്ടിയെ ക്രൂരമായി ഉപദ്രവിച്ച് ഓടയിൽ ഉപേക്ഷിക്കുകയുമായിരുന്നു.
മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ ഓടയിൽ ചോരയിൽ കുളിച്ച് നഗ്നയാക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.തുടർന്ന് ഇവർ പൊലീസ് സ്റ്റേഷനിലേക്ക് കുട്ടിയുമായി എത്തിയെങ്കിലും പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും വൈദ്യസഹായം ഉറപ്പാക്കുന്നതിലും പൊലീസ് പരാജയപ്പെട്ടെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.
പിന്നീടാണ് പൊലീസ് പോസ്കോ ആക്ട് ഉൾപ്പെടെ ചുമത്തി കേസെടുത്തത്. എന്നാൽ ഇതുവരെ കുറ്റക്കാരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതെല്ലാം ഉയർത്തിക്കാട്ടിക്കൊണ്ട് മമത ബാനർജി സർക്കാരിനെതിരെ ബിജെപി അടക്കം രംഗത്തെത്തി രാഷ്ട്രീയ വിവാദത്തിനും വഴിവച്ചിട്ടുണ്ട്. മമത സർക്കാരിന്റെ ഭരണത്തിൽ കുറ്റവാളികൾ സ്വതന്ത്രരായി വിലസുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി വിമർശനം ഉന്നയിച്ചിരിക്കുന്നത്. പ്രതികളെ കണ്ടെത്താനുള്ള ഊർജിതമായ ശ്രമത്തിലാണ് പൊലീസ്.