
പാലക്കാട്: പാതി നിർമ്മാണം കഴിഞ്ഞ വീടിന്റെ സ്ലാബ് ഇടിഞ്ഞുവീണ് രണ്ട് മക്കൾ മരിച്ച സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി അമ്മ ദേവി. കൃത്യസമയത്ത് വാഹനം കിട്ടിയിരുന്നെങ്കിൽ ഒരു കുഞ്ഞിന്റെ ജീവനെങ്കിലും രക്ഷിക്കാമായിരുന്നുവെന്ന് അമ്മ പറഞ്ഞു. മുക്കാലിയിൽ നിന്ന് നാല് കിലോമീറ്റർ അകലെ അട്ടപ്പാടി കരുവാര ഊരിലെ അജയ്- ദേവി ദമ്പതികളുടെ മക്കളായ ആദി (7), അജ്നേഷ്(4) എന്നിവരാണ് മരിച്ചത്. ഇവരുടെ ബന്ധുവായ ആറുവയസുള്ള അഭിനയയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അഭിനയ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിന് പിന്നാലെ മക്കളെ മടിയിലെടുത്ത് വച്ചപ്പോൾ ഒരാൾക്ക് അനക്കമുണ്ടായിരുന്നു. പല തവണ ബന്ധപ്പെട്ടിട്ടും വാഹനം എത്തിയില്ല. തുടർന്നാണ് ആശുപത്രിയിൽ സ്‌കൂട്ടറിൽ കൊണ്ടുപോകേണ്ടി വന്നത്. നേരത്തെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിൽ ഒരാളെയെങ്കിലും തിരിച്ചുകിട്ടിയേനെ. അപകടത്തിനുശേഷം പ്രമോട്ടറെയും മെമ്പറെയും വിളിച്ചിട്ടും ഒരു പ്രതികരണവും ഉണ്ടായില്ലെന്നും ദേവി പറഞ്ഞു.
ആൾതാമസമില്ലാത്ത വീട്ടിലായിരുന്നു അപകടം നടന്നത്. കുട്ടികൾ മൂന്നുപേരും പകൽ ഇവിടെ കളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീഴുകയായിരുന്നു. ഇതിന്റെ തൊട്ടടുത്ത് മറ്റൊരു വീട്ടിലാണ് അജയും കുടുംബവും താമസിക്കുന്നത്. എട്ടുവർഷമായി വീട് ഉപയോഗശൂന്യമായി കിടക്കുകയാണ്. വീടിന്റെ സൺഷേഡിൽ കയറി കളിക്കുകയായിരുന്നു കുട്ടികൾ. ഇതിനിടയാണ് അപകടമുണ്ടായത്. മേൽക്കൂരയില്ലാത്ത വീടാണ്. മഴ നനഞ്ഞും വെയിൽ കൊണ്ടും ദുർബലമായ അവസ്ഥയിലായിരുന്നു.
മുക്കാലിയിൽ നിന്ന് നാല് കിലോമീറ്റർ അകലെ വനത്തിലാണ് കരുവാര ഉന്നതി. മൊബൈൽ ഫോണിന് റേഞ്ച് ലഭിക്കില്ല. ഫോണിൽ പുറത്താരെയും ബന്ധപ്പെടാൻ വീട്ടുകാർക്ക് കഴിഞ്ഞില്ല. തുടർന്ന് സമീപത്തെ വീട്ടുകാരുടെ സ്‌കൂട്ടറിൽ താഴെ എത്തിച്ചു. ശേഷം വനം വകുപ്പിന്റെ ജീപ്പിലാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടികളുടെ മൃതശരീരം അഗളി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം ഇന്ന് നടത്തും.