
നാടകത്തിലൂടെ സിനിമയിലേക്കെത്തിയ നടിയാണ് ജയാ കുറുപ്പ്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ നായകനായെത്തിയ 'ഡീയസ് ഈറെയിലെ' നടിയുടെ അഭിനയത്തിന് മികച്ച പ്രതികരണങ്ങളാണ് തിയേറ്ററുകളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പ്രണവ് മോഹൻലാലിനെ ആദ്യമായി പരിചയപ്പെട്ടതിനെക്കുറിച്ച് നടി ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.
'ഷൂട്ടിനായി എത്തിയ ആദ്യദിവസമാണ് പ്രണവിനെ ആദ്യമായി കാണുന്നത്. വലിയ ഒരു നടന്റെ മകനോട് എങ്ങനെ സംസാരിക്കണമെന്ന് അറിയാത്തതിനാൽ മിണ്ടിയില്ല. പ്രണവ് നോക്കി ചിരിച്ചെങ്കിലും തിരിച്ച് ചിരിക്കാൻ പോലും സാധിച്ചില്ല. കുറച്ച് കഴിഞ്ഞ് പ്രണവ് അടുത്തുവന്നു. ചേച്ചി, നമ്മൾ പരിചയപ്പെട്ടില്ലല്ലോ എന്നുപറഞ്ഞ് സംസാരിച്ചു'- എന്നാണ് ജയാ കുറുപ്പ് പങ്കുവച്ചത്.
വളരെ കൂളായ മനുഷ്യനാണ് പ്രണവ് മോഹൻലാലെന്ന് മുൻപ് ഒരഭിമുഖത്തിലും ജയ പറഞ്ഞിരുന്നു. നല്ലൊരു മകനാണ്. ഒരു താരജാഡയുമില്ലാത്ത വ്യക്തിയാണ്. പല വീഡിയോകളിലും പ്രണവ് സിമ്പിളായി നടക്കുന്നത് കണ്ടിട്ടുണ്ട്. ഇതെല്ലാം വൈറാലാകാൻ ചെയ്യുന്നതാണോയെന്ന് സംശയിച്ചിരുന്നു. പക്ഷെ അങ്ങനെയല്ല എന്നും അവർ പറഞ്ഞു.
സുഷ്മിത ഭട്ട്, ഷൈൻ ടോം ചാക്കോ, ജിബിൻ ഗോപിനാഥ്, ജയ കുറുപ്പ് തുടങ്ങിയവരാണ് ഡീയസ് ഈറെയിലെ മറ്റ് താരങ്ങൾ. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് നിർമ്മാണം.