-ramniwas-rawat-

ഷിയോപുർ (മദ്ധ്യപ്രദേശ്): മദ്ധ്യപ്രദേശിലെ ഷിയോപുർ ജില്ലയിലെ പ്രൈമറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം പത്രക്കടലാസിൽ വിളമ്പിയതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ദൃശ്യങ്ങൾ വൈറലായതിനെ തുടർന്നുണ്ടായ രൂക്ഷ വിമർശനത്തിനൊടുവിൽ കുട്ടികൾക്ക് പുതിയ സ്റ്റീൽ പ്ലേറ്റുകൾ നൽകി. കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ സംഭവം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിനെ വിമർശിച്ചിരുന്നു.


അതേസമയം സംഭവത്തിന് പിന്നാലെ ബിജെപി നേതാവും മുൻ സംസ്ഥാന മന്ത്രിയുമായ രാംനിവാസ് റാവത്തും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) അഭിഷേക് മിശ്രയും വിദ്യാർഥികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു. ശനിയാഴ്ച സ്കൂൾ പരിസരം വൃത്തിയാക്കുകയും കുട്ടികൾ പുതിയ സ്റ്റീൽ പ്ലേറ്റുകളിൽ സന്തോഷത്തോടെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പിന്നീട് ഇവർ സമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.

'ഇന്ന് ഞങ്ങളുടെ മുഴുവൻ ടീമും സ്ഥലം സന്ദർശിച്ച് ഭക്ഷണം പരിശോധിച്ചു. ശരിയായ രീതിയിൽ ഭക്ഷണം പ്ലേറ്റുകളിൽ വിളമ്പിയതായിട്ടാണ് കണ്ടത്. ജനപ്രതിനിധികളോടൊപ്പം ഞാനും അവിടെനിന്ന് ഭക്ഷണം കഴിച്ചു', എസ്‌ഡിഎം മിശ്ര മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിഷയം നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയ്പുർ ബ്ലോക്കിലെ ഹുല്ലാപ്പൂരിലുള്ള സർക്കാർ സ്കൂളിലാണ് സർക്കിരിനെ തന്നെ നാണം കെടുത്തിയ സംഭവം ഉണ്ടായത്.

പത്രക്കടലാസിൽ ഭക്ഷണം വിളമ്പുന്ന വീഡിയോ നവംബർ നാലിന് ചൊവ്വാഴ്ചയാണ് വൈറലായത്. ഇതിനെത്തുടർന്ന് ഉച്ചഭക്ഷണം പാചകം ചെയ്യുന്ന ചുമതലയുണ്ടായിരുന്ന സ്വാശ്രയ സംഘത്തിന്റെ കരാർ നവംബർ ഏഴിന് വെള്ളിയാഴ്ച അധികൃതർ റദ്ദാക്കുകയും ചെയ്തു. പകരം സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിക്ക് ഭക്ഷണം തയ്യാറാക്കുന്ന ചുമതല കൈമാറിയതായി ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. കൂടാതെ സ്കൂളിന്റെ ചുമതലയുണ്ടായിരുന്ന ഭോഗിറാം ധാക്കഡിനെ സസ്പെൻഡ് ചെയ്യുകയും മറ്റ് രണ്ട് ജീവനക്കാർക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.


ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുട്ടികൾ പത്രക്കടലാസിൽ ഉച്ചഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ നവംബർ എട്ട് ശനിയാഴ്ചയാണ് എക്‌സിൽ പങ്കുവച്ച് സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ബിജെപി സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. ഭരണകക്ഷിയായ ബിജെപിയുടെ വികസനം വെറും മിഥ്യ മാത്രമാണെന്നും അധികാരത്തിൽ വരാനുള്ള സമ്പ്രദായമാണിതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 'രാജ്യത്തിന്റെ ഭാവി അർപ്പിച്ചിരിക്കുന്ന നിഷ്‌കളങ്കരായ കുട്ടികൾക്ക് ഒരു പ്ലേറ്റ് മാന്യത പോലും ലഭിക്കുന്നില്ല. ഇത്രയും ദയനീയമായ അവസ്ഥയിൽ രാജ്യത്തെ കുട്ടികളുടെ ഭാവിയെ പരിപോഷിപ്പിക്കുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ലജ്ജിക്കണമെന്നും കോൺഗ്രസ് നേതാവ് കുറിച്ചു.

विजयपुर के हुल्लपुर गाँव में बच्चों को कागज़ पर मध्यान्ह भोजन कराए जाने जैसी अमानवीय घटना से मन अत्यंत दुखी है।
जांच में पाया गया कि विद्यालय में पूर्व से ही भोजन कराने हेतु बर्तन उपलब्ध थे, जिन्हें उपयोग में नहीं लाया जा रहा था — यह अत्यंत निंदनीय है।
(1/3) pic.twitter.com/ktTz5bJLMw

— Ramniwas Rawat (@rawat_ramniwas) November 8, 2025