മലപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ മുട്ടിപ്പടിയിലുള്ള അഞ്ചീനിക്കുളം സൗന്ദര്യവത്ക്കരണ പ്രവൃത്തികളുടെ ആദ്യഘട്ടം പൂർത്തിയാക്കി നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. രണ്ട് വർഷത്തോളമായി മുടങ്ങിക്കിടന്ന അഞ്ചീനിക്കുളം സൗന്ദര്യവത്ക്കരണം പദ്ധതിയാണ് വെളിച്ചം കാണാൻ പോകുന്നത്. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ചിലയിടങ്ങളിലെ ഇന്റർലോക്ക് പണികളും ലൈറ്റ് സ്ഥാപിക്കുന്ന പ്രവൃത്തികളുമാണ് രണ്ടാംഘട്ടത്തിൽ നടക്കുക. പ്ലേ ഏരിയ, പൂന്തോട്ടം നിർമ്മാണവും നടക്കും. കുളത്തിന്റെ അരികുകളിൽ ടൈൽ പാകി മനോഹര നടപ്പാത നിർമിച്ചിട്ടുണ്ട്. കൂടാതെ കുളത്തിന് ചുറ്റും സ്റ്റീൽ കൈവരികളും സ്ഥാപിച്ചു. ശൗചാലയം, കഫ്തീരിയ, ഓപ്പൺ ജിം നിർമ്മാണവും പൂർത്തിയായി. വിവിധ കായിക മേളകളുടെ ഭാഗമായി നീന്തൽ മത്സരങ്ങൾ അടക്കം നടത്താനുള്ള സൗകര്യം മുന്നിൽക്കണ്ടാണ് കുളത്തിന്റെ നവീകരണം.
കേന്ദ്ര സർക്കാരിന്റെ നഗരസഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തി 3.5 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരുന്നത്.

കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ് 2023 മേയിൽ പണി നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഐ.ഡി.സി നിർമ്മാണ ചുമതലയുണ്ടായിരുന്ന സിഡ്‌കോയോട് നിർദ്ദേശിച്ചത്. ദേശീയപാതയുടെ കീഴിലുള്ള സ്ഥലത്താണ് പ്രവൃത്തികൾ നടക്കുന്നതെന്നും ദേശീയപാതാ വിഭാഗം എൻ.ഒ.സി നൽകിയിട്ടില്ലെന്നും അറിയിച്ച് ദേശീയപാതാ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, നഗരസഭാ സെക്രട്ടറിയെ അറിയിച്ചിരുന്നു. തുടർന്ന്, കെ.എസ്.ഐ.ഡി.സിക്ക് പരാതി നൽകി. നഗരസഭാ അധികൃതർ ഏറനാട് തഹസിൽദാർക്കും ദേശീയപാതാ വിഭാഗത്തിനും അഞ്ചീനിക്കുളത്തിന്റെ അതിരുകൾ നിർണയിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ഒടുവിൽ കോടതിയെ സമീപിച്ചതോടെ എൻ.ഒ.സി നൽകാൻ ഉത്തരവായതിനെ തുടർന്നാണ് പണി പുനരാരംഭിച്ചത്.

നിരവധി കുട്ടികളായിരുന്നു അഞ്ചീനിക്കുളത്തിലേക്ക് നീന്തൽ പരിശീലനത്തിനായി എത്തിയിരുന്നത്. എം.എസ്.പിയിലെ പൊലീസ് ഉദ്യോഗസ്ഥരടക്കം ട്രെയിനിംഗിന് ഇവിടെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. മലപ്പുറം നഗരസഭയുടെ കേരളോത്സവം അഞ്ചീനിക്കുളത്തിലാണ് നടത്തിയിരുന്നത്. അഞ്ചീനിക്കുളം പ്രവർത്തനം ആരംഭിക്കുന്നതോടെ വലിയ നേട്ടങ്ങളാണ് വരാനിരിക്കുന്നത്.
സി.കെ.ഷിഹാർ, അഞ്ചീനിക്കുളം സംരക്ഷണ സമിതി കൺവീനർ