s

തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് സമസ്തയിലെ ലീഗ് വിരുദ്ധരെ അനുനയിപ്പിക്കാനുള്ള മുസ്ലിം ലീഗിന്റെ ശ്രമം പാളിയതോടെ ഒരു ഇടവേളയ്ക്ക് ശേഷം മുസ്ലിം ലീഗ് സമസ്ത ഭിന്നത വീണ്ടും മറനീക്കി പുറത്തുവരുന്നുണ്ട്. ഫെബ്രുവരിയിൽ കാസർകോട് നടക്കുന്ന സമസ്ത നൂറാം വാർഷിക സമ്മേളനം വിജയിപ്പിക്കാൻ മുസ്ലിം ലീഗ് മുൻകൈയെടുത്ത് രൂപീകരിച്ച ഏഴംഗ കോ- ഓർഡിനേഷൻ കമ്മിറ്റിയെ സമസ്തയിലെ ലീഗ് വിരുദ്ധർ പരസ്യമായി തള്ളിയതാണ് വീണ്ടും പ്രശ്നങ്ങൾക്ക് വഴിവച്ചത്. കുറച്ചു മാസങ്ങളായി ഇരുസംഘടനകളുടെയും ഉന്നത നേതൃത്വങ്ങൾ ഇടപെട്ട് പ്രശ്നപരിഹാരത്തിന് കിണഞ്ഞു ശ്രമിക്കുമ്പോൾ രണ്ടാംനിര നേതാക്കളിൽ തട്ടിയാണ് പലപ്പോഴും അനുരജ്ഞന ശ്രമങ്ങൾ വഴിമുട്ടിയത്. ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് സമസ്ത നൂറാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ രൂപീകരണവും അതിനെ ചുറ്റിപ്പറ്റി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദങ്ങളും.

സമസ്തയുടെ നൂറാം വാർഷികം ചരിത്രത്തിൽ ഇടംതേടും വിധം അതിഗംഭീരമായി ആഘോഷിക്കാനുള്ള മുന്നൊരുക്കങ്ങൾ അണിയറയിൽ പുരോഗമിക്കുന്നതിനിടയിലാണ് ഭിന്നതയും വിവാദങ്ങളും വീണ്ടും തലപൊക്കുന്നത്. സമസ്ത സമ്മേളനത്തിന്റെ വിജയത്തിനായി കൈകോർത്ത് ഐക്യം കൂടുതൽ ശക്തമാക്കണമെന്ന ചിന്തയാണ് ഇരുസംഘടനകളുടെയും പ്രവർത്തകർ ആഗ്രഹിക്കുന്നത്. കാര്യങ്ങൾ ആശാവഹമായി മുന്നോട്ടുപോകുമ്പോൾ ചില നേതാക്കളുടെ അനാവശ്യമായ പിടിവാശിയിലും താൻപോരിമയിലും തട്ടി ഐക്യ ശ്രമങ്ങൾ പാളുന്ന കാഴ്ചയാണ്.

സമസ്ത സമ്മേളനത്തിന്റെ നടത്തിപ്പിനായി രൂപീകരിച്ച കോ- ഓർഡിനേഷൻ കമ്മിറ്റിയിൽ ലീഗ് അനുകൂലികളും വിരുദ്ധപക്ഷക്കാരും തുല്യമായി ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ലീഗ് നേതാവ് എം.സി. മായിൻഹാജി ചെയർമാനായ കമ്മിറ്റിയുടെ അമിതാധികാരം അംഗീകരിക്കാൻ ലീഗ് വിരുദ്ധർ തയ്യാറല്ലെന്നതാണ് പുതിയ വിവാദത്തിന് വഴിവച്ചത്. സബ് കമ്മിറ്റികളുടെ തീരുമാനങ്ങൾക്ക് അന്തിമാംഗീകാരം നൽകേണ്ടത് കോ- ഓർഡിനേഷൻ കമ്മിറ്റിയാണെന്ന തീരുമാനവും ലീഗ് വിരുദ്ധരെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിനെതിരെ ലീഗ് വിരുദ്ധപക്ഷത്തെ പ്രധാന നേതാവായ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്തെത്തി. സമ്മേളനത്തിന്റെ കോ- ഓർഡിനേറ്ററായ സമസ്ത നേതാവ് കെ. മോയിൻകുട്ടിയെ സഹായിക്കാൻ വേണ്ടി മാത്രമാണ് കോ- ഓർഡിനേഷൻ കമ്മിറ്റിയെ വെച്ചതെന്ന് ഹമീദ് ഫൈസിയുടെ വാദം. ഇതിനെ പിന്തുണയ്ക്കുന്നുണ്ട് സമസ്തയിലെ ലീഗ് വിരുദ്ധർ. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ, സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മലപ്പുറത്ത് യോഗം ചേർന്നാണ് കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചത്. സമസ്തയിലെ ലീഗനുകൂലികളെയും വിരുദ്ധരെയും തുല്യമായി ഉൾപ്പെടുത്തിയതിനാൽ ഐക്യശ്രമങ്ങൾക്ക് കരുത്തുപകരുമെന്ന പ്രതീക്ഷയിലായിരുന്നു നേതാക്കൾ. എന്നാൽ ഈ കമ്മിറ്റിയെ ചൊല്ലിയാണ് ഇപ്പോൾ പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടിട്ടുള്ളത്.

യഥാർത്ഥ കാരണം സി.ഐ.സി

കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ പേരിലാണ് പുതിയ തർക്കമെങ്കിലും യഥാർത്ഥ കാരണം സി.ഐ.സി (കോ-ഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്) പ്രശ്നം ഉൾപ്പെടെയുള്ളവ പരിഹരിക്കപ്പെടാത്തതിലെ അമർഷമാണെന്ന് വ്യക്തം. സി.ഐ.സി സംബന്ധിച്ച തർക്കം പരിഹരിക്കാൻ 2023 ഡിസംബറിൽ സാദിഖലി തങ്ങൾക്ക് സമർപ്പിച്ച നിർദ്ദേശങ്ങൾ ഇതുവരെ നടപ്പാക്കാത്തതിൽ സമസ്തക്ക് കടുത്ത അതൃപ്തിയുണ്ട്. സമസ്തയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതെന്ന വാദമാണ് സമസ്തയിലെ ലീഗ് വിരുദ്ധർ ഉയർത്തിക്കാട്ടുന്നത്. സി.ഐ.സി വിഷയത്തിൽ സമസ്ത മുശാവറയുടെ നിർദ്ദേശങ്ങൾ നടപ്പാക്കുകയോ അല്ലെങ്കിൽ സി.ഐ.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ പാണക്കാട് സാദിഖലി തങ്ങൾ രാജിവയ്ക്കുകയോ വേണമെന്ന ഉറച്ച നിലപാടിലാണ് സമസ്തയും ലീഗ് വിരുദ്ധരും. ഇതിനുശേഷം ഐക്യം ചർച്ച ചെയ്യാമെന്ന അഭിപ്രായമാണ് ലീഗ് വിരുദ്ധർക്ക്.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സമസ്തയിലെ ലീഗ് വിരുദ്ധ, അനുകൂല പക്ഷങ്ങളിലെ പത്ത് വീതം നേതാക്കളെ ഉൾപ്പെടുത്തി ഇതിനകം ഒന്നിലധികം തവണ സമവായ ചർച്ച നടത്തിയിട്ടുണ്ട്. സി.ഐ.സിക്ക് കീഴിലെ വാഫി, വഫിയ്യ സംവിധാനം പൂർണ്ണമായും സമസ്തയ്ക്ക് കീഴിലാക്കണമെന്നതാണ് പ്രധാന ആവശ്യം. സി.ഐ.സിയുടെ അക്കാദമിക് കാര്യങ്ങൾ തീരുമാനിക്കുന്നത് സമസ്തയുടെ മാർഗ്ഗ നിർദ്ദേശ പ്രകാരമായിരിക്കണം. സമസ്തയെ ധിക്കരിക്കുന്ന തീരുമാനങ്ങൾ സി.ഐ.സിയിൽ നിന്ന് ഉണ്ടാവാൻ പാടില്ല. സി.ഐ.സിയിൽ എന്തെങ്കിലും തർക്കമുണ്ടായാൽ അന്തിമ തീർപ്പ് കൽപ്പിക്കാനുള്ള അധികാരം സമസ്ത മുശാവറയ്ക്ക് ആവുമെന്ന് ഭരണഘടനയിൽ ഉൾപ്പെടുത്തണം. സി.ഐ.സി ജനറൽ ബോഡിയിൽ സമസ്ത നിർദ്ദേശിക്കുന്നവരെ നിയോഗിക്കണം. സി.ഐ.സിയുടെ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനും ഉറപ്പാക്കുന്നതിനും സമസ്ത പ്രത്യേകം സമിതിയെ നിയോഗിക്കും. സമിതിയുമായി സി.ഐ.സി സ്ഥാപനങ്ങൾ സഹകരിക്കണം എന്നിങ്ങനെ ആവശ്യങ്ങൾ സമസ്ത നേതൃത്വം മുസ്ലിം ലീഗിന് മുന്നിൽ ഉന്നയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ നടന്ന ചർച്ചയിൽ സി.ഐ.സി ഭരണ സമിതിയുമായി ചർച്ച ചെയ്യാൻ സാദിഖലി തങ്ങളെ സമസ്ത നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്. സി.ഐ.സിയുടെ നിയന്ത്രണം നഷ്ടപ്പെടുമെന്നതിനാൽ ഈ നിർദ്ദേശങ്ങളോട് ലീഗ് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

മത, ഭൗതിക വിദ്യാഭ്യാസങ്ങൾ സമന്വയിപ്പിച്ചുള്ള വിദ്യാഭ്യാസരീതി നടപ്പാക്കുന്നതിന് 2002ലാണ് കോഴിക്കോട് മർക്കസ് ആസ്ഥാനത്ത് സി.ഐ.സിക്ക് രൂപമേകിയത്. വാഫി, വഫിയ്യ എന്നിങ്ങനെ കോഴ്സുകളും നടപ്പാക്കി. വഫിയ്യ സ്ത്രീ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുള്ളതാണ്. ആധുനിക വിദ്യാഭ്യാസത്തോടും അവസരങ്ങളോടും സംവദിക്കുന്ന സി.ഐ.സിയുടെ കരിക്കുലത്തെ സമസ്തയ്ക്കു കീഴിലെ വിവിധ സ്ഥാപനങ്ങൾ വളരെ പെട്ടെന്ന് സ്വീകരിച്ചു; പ്രത്യേകിച്ച് വനിതാ കോളേജുകൾ. നൂറോളം സ്ഥാപനങ്ങൾ സി.ഐ.സിയിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന ഹൈദരലി ശിഹാബ് തങ്ങളായിരുന്നു ആദ്യ ചെയർമാൻ. രൂപീകരണ നാൾ മുതൽ പാണക്കാട് തങ്ങൾ കുടുംബവും ലീഗിനോട് അടുത്തുനിൽക്കുന്ന സമസ്ത നേതാക്കളുമാണ് ഇതിന്റെ തലപ്പത്ത്.

സലഫി ആശയധാരയെ സി.ഐ.സി സെക്രട്ടറി ഹക്കീം ഫൈസി പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് സമസ്ത ഉന്നയിക്കുന്ന പ്രധാന ആരോപണം. സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി സി.ഐ.സി കൊണ്ടുവന്ന ചില മാർഗനിർദ്ദേശങ്ങൾ ഇതിന് അവസരവുമാക്കി. സി.ഐ.സിക്കു കീഴിലെ കോളേജുകളിൽ അഞ്ചുവർഷത്തെ വഫിയ്യ കോഴ്സിനു ചേർന്നാൽ അതു തീരുംവരെ വിവാഹം പാടില്ലെന്ന നിബന്ധന സമസ്തയെ ചൊടിപ്പിച്ചു. 20 വയസ് കഴിയുമ്പോഴേ പെൺകുട്ടികളുടെ വിവാഹം നടത്താൻ പറ്റൂ. കോഴ്സിനിടെ വിവാഹം നടന്നാൽ തുടർപഠനം മുടങ്ങിയേക്കും എന്നതുകൊണ്ട് ഇത് ഒഴിവാക്കാനായിരുന്നു സി.ഐ.സിയുടെ ഈ നിർദ്ദേശം. സി.ഐ.സി പ്രശ്നം പരിഹരിക്കപ്പെടാത്ത കാലത്തോളം സമസ്ത- മുസ്‌ലിം ലീഗ് പ്രശ്നവും നീറിപ്പുകയുമെന്ന് തീർച്ച.