മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലെ അധികാര തർക്കവും സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഈമാസം അഞ്ചിനകം പരിഹരിക്കാൻ ശ്രമങ്ങൾ ഊർജ്ജിതമാക്കി യു.ഡി.എഫ്. അഭിപ്രായ വ്യത്യാസങ്ങൾ കഴിയുന്നത്ര താഴേതട്ടിൽ തന്നെ തീർക്കണമെന്ന സന്ദേശം കോൺഗ്രസ്, മുസ്ലിം ലീഗ് ജില്ലാ നേതൃത്വങ്ങൾ നൽകിയിട്ടുണ്ട്. പരിഹരിക്കാനാവാത്തവ മണ്ഡലം, ജില്ലാ കമ്മിറ്റികൾ ചർച്ച ചെയ്യും. കരുവാരക്കുണ്ട്, മക്കരപ്പറമ്പ്, പൊന്മുണ്ടം പഞ്ചായത്തുകളിലെ പ്രശ്നങ്ങൾ ഒഴികെയുള്ളവ താഴേതട്ടിൽ തന്നെ പരിഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ജില്ലാ യു.ഡി.എഫ് നേതൃത്വം. കരുവാരക്കുണ്ടിൽ കഴിഞ്ഞ തവണ ത്രികോണ മത്സരമാണ് നടന്നത്. യു.ഡി.എഫ് വോട്ടുകൾ വിഭജിക്കപ്പെട്ടതോടെ എൽ.ഡി.എഫ് അധികാരം ഉറപ്പിച്ചു. 21 വാർഡുകളുള്ള പഞ്ചായത്തിൽ 13 സീറ്റുകളാണ് എൽ.ഡി.എഫിന് ലഭിച്ചത്. മുസ്ലിം ലീഗിന് ആറും കോൺഗ്രസിന് രണ്ടും സീറ്റുകളുണ്ട്.
മുന്നണി സംവിധാനം തീർത്തും നിലച്ച പൊന്മുണ്ടം യു.ഡി.എഫിന് മുന്നിൽ പ്രധാന ചോദ്യചിഹ്നമാണ്. മുസ്ലിം ലീഗ് തനിച്ചാണ് പഞ്ചായത്ത് ഭരിക്കുന്നത്. 16 വാർഡുകളുള്ള പഞ്ചായത്തിൽ പന്ത്രണ്ടിടത്തും ലീഗിനായിരുന്നു വിജയം. നാലിടത്ത് കോൺഗ്രസും വിജയിച്ചു. മുന്നണി സംവിധാനമില്ലെങ്കിലും ഒറ്റയ്ക്ക് ഭരിക്കാമെന്നതാണ് ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ ആത്മവിശ്വാസം. ഇത്തവണയും മുസ്‌ലീം ലീഗും കോൺഗ്രസും സീറ്റ് ചർച്ചയിൽ കൊമ്പുകോർത്തിട്ടുണ്ട്. സമവായ ചർച്ച പരാജയപ്പെട്ടതോടെ കഴിഞ്ഞ തവണത്തെ മത്സര ചിത്രം ആവർത്തിച്ചേക്കും. താനൂർ നിയോജക മണ്ഡലത്തിൽപ്പെട്ട പൊന്മുണ്ടത്ത് ഐക്യം സ്ഥാപിക്കുക എന്നത് ലീഗ് ജില്ലാ നേതൃത്വത്തിന്റെ കൂടി ആവശ്യമാണ്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ താനൂരിൽ വിജയിക്കണമെങ്കിൽ പൊന്മുണ്ടത്ത് ഐക്യം കൊണ്ടുവരേണ്ടതുണ്ട്. എന്നാൽ പ്രാദേശിക ലീഗ് നേതൃത്വം സമവായ നീക്കങ്ങളോട് അനുകൂലമായി പ്രതികരിക്കുന്നില്ല.
മക്കരപ്പറമ്പിൽ കഴിഞ്ഞ തവണ കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് മത്സരിച്ച മുസ്ലിം ലീഗ് സ്വതന്ത്രരുടെയും വെൽഫെയർ പാർട്ടിയുടെയും പിന്തുണയിൽ അധികാരം പിടിച്ചെടുത്തു. കോൺഗ്രസിന് മെമ്പർമാരില്ല. ഈ മുന്നിടങ്ങളിലും പ്രാദേശിക നേതൃത്വങ്ങളെ യു.ഡി.എഫ് സംവിധാനത്തിലേക്ക് തിരികെ എത്തിക്കുക എന്ന ദൗത്യമാണ് യു.ഡി.എഫ് ജില്ലാ നേതൃത്വത്തിനുള്ളത്. ഐക്യത്തിലേക്ക് എത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും പ്രാദേശിക നേതൃത്വങ്ങളുടെ പിടിവാശിയാണ് പലയിടങ്ങളിലും മുന്നണി ബന്ധത്തിന് വിള്ളൽ വീഴ്ത്തുന്നത്. നിലവിൽ യു.ഡി.എഫ് 68 പഞ്ചായത്തുകളിലാണ് ഭരിക്കുന്നത്. എൽ.ഡി.എഫ് 24 പഞ്ചായത്തുകളിലും. 12 നഗരസഭകളിൽ ഒമ്പതിടത്ത് യു.ഡി.എഫും മൂന്നിടത്തും എൽ.ഡി.എഫും ബ്ലോക്ക് പഞ്ചായത്തുകളിൽ 15ൽ പന്ത്രണ്ടും യു.ഡി.എഫും മൂന്നിടത്ത് എൽ.ഡി.എഫുമാണ് ഭരിക്കുന്നത്.
അധിക സീറ്റ് ആർക്കൊക്കെ
കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽ അതത് പാർട്ടികൾ തന്നെ തുടരട്ടെ എന്ന തീരുമാനമാണ് ജില്ലാ യു.ഡി.എഫ് നേതൃത്വം കൈകൊണ്ടിട്ടുള്ളത്. സീറ്റ് വച്ചു മാറുന്നത് പ്രാദേശിക നേതൃത്വങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കണം. അതേസമയം ഇത്തവണ 281 പുതിയ വാർഡുകൾ കൂടി വന്നിട്ടുള്ളതിനാൽ ഇവിടങ്ങളിലെ സീറ്റു വിഭജനം മുന്നണികൾക്ക് മുന്നിൽ വെല്ലുവിളിയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിലെത്തിയിരിക്കെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് പരസ്യ തർക്കങ്ങളിലേക്ക് കാര്യങ്ങൾ എത്തരുതെന്ന നിർദ്ദേശം കോൺഗ്രസ്, ലീഗ് നേതൃത്വങ്ങൾ പ്രാദേശിക നേതൃത്വങ്ങൾക്ക് കൈമാറിയിട്ടുണ്ട്.