
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിന്റെ പ്രസ്താവന തള്ളി മുസ്ലീം ലീഗ് നേതൃത്വം. രാഷ്ട്രീയ വിമർശനങ്ങളാകാമെങ്കിലും വ്യക്തി അധിക്ഷേപം പാടില്ലെന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഭരണകൂടത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയെന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമാണ്. എന്നാൽ, രാഷ്ട്രീയപരമായ വിമർശനങ്ങൾ വ്യക്തി അധിക്ഷേപത്തിലേക്ക് പോകരുത്. ഇക്കാര്യത്തിൽ സൂക്ഷ്മത വച്ചു പുലർത്തണം.
വ്യക്തി അധിക്ഷേപങ്ങൾ ലീഗിന്റെ രീതിയല്ലെന്നും സലാമിനെ സംസ്ഥാന പ്രസിഡന്റ് തിരുത്തിയിട്ടുണ്ടെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെറ്റ് പറ്റിയാൽ ലീഗ് തിരുത്തും. നാക്ക് പിഴ ആർക്കും സംഭവിക്കാം. നാളെ തനിക്ക് വേണമെങ്കിലും സംഭവിക്കാമെന്നും അങ്ങനെ സംഭവിച്ചാൽ പാർട്ടി തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായത് കൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടതെന്നായിരുന്നു സലാമിന്റെ പ്രസ്താവന.
പൊലീസിൽ പരാതി
മലപ്പുറം: മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പി.എം.എ സലാമിനെതിരെ പൊലീസിൽ പരാതി. വാഴക്കാട് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. സി.പി.എം പ്രവർത്തകനായ ആക്കോട് സ്വദേശിയായ സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങളാണ് പരാതിക്കാരൻ. . മുഖ്യമന്ത്രിക്കെതിരായി നടത്തിയ പരാമർശത്തിൽ കേസെടുക്കണമെന്നാണ് ആവശ്യം.