കാളികാവ്: 35 ലക്ഷം രൂപ ചെലവഴിച്ച് കൊട്ടിഘോഷിച്ച് നിർമ്മിച്ച സിന്തറ്റിക് കോർട്ട് സംരക്ഷണമില്ലാതെ തകർന്നു. അഞ്ചച്ചവിടി ഗവൺമെന്റ് ഹൈസ്‌കൂളിന്റെ കണ്ണായ സ്ഥലത്താണ് സ്‌പോർട്സ് കൗൺസിൽ കോർട്ട് നിർമ്മിച്ചത്. വോളി, ബാസ്‌ക്കറ്റ്, ബാറ്റ്മിന്റൺ തുടങ്ങിയവക്കു വേണ്ടിയാണ് ഇത് നിർമ്മിച്ചത്. 2014-15ലാണ് കോർട്ടിന്റെ നിർമ്മാണം. മുഴുവൻ ഗെയിം ഉപകരണങ്ങളും ഫ്ളഡ്‌ലൈറ്റുകളും സംരക്ഷണ വേലിയും പാടെ തകർന്നു പോയി. അഞ്ചച്ചവിടി ഗവൺമെന്റ് ഹൈസ്‌കൂൾ പ്രീ പ്രൈമറി സ്‌കൂളിനോട് ചേർന്നുള്ള അരയേക്കർ സ്ഥലമാണ് ഇതിനായി ഉപയോഗിച്ചത്. അഞ്ചച്ചവിടി ജി.എച്ച്.എസിന്റെ പൊന്നുവിലയുള്ള സ്ഥലത്താണ് കോർട്ട് പണിതത്.

ഉദ്ഘാടനം കഴിഞ്ഞതിന് ശേഷം യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. ഈ സ്ഥലം സ്‌കൂളിനു തന്നെ തിരികെ കിട്ടണമെന്നാണ് ഇപ്പോൾ നാട്ടുകാരുടെ ആവശ്യം. നേരത്തെ നാട്ടുകാരുടെ എതിർപ്പ് മറികടന്നാണ് സ്ഥലം സ്‌പോർട്സ് കൗൺസിലിന്റെ കോർട്ട് നിർമ്മാണത്തിന് അനുവദിച്ചത്. ചിലയാളുകളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ താത്പര്യമാണ് ഇതിന്റെ പിന്നിലെന്ന് ആക്ഷേപമുയർന്നിരുന്നു. സ്വന്തമായി മൈതാനമില്ലാതിരുന്ന സ്‌കൂളിന് 20 ലക്ഷം രൂപ നാട്ടുകാർ പിരിവെടുത്താണ് നേരത്തെ സ്ഥലം വാങ്ങിയത്. അതിനിടെ ഉള്ള സ്ഥലം ദുരുപയോഗം ചെയ്തതിനെതിരെയാണ് പ്രതിഷേധമുയർന്നിട്ടുള്ളത്. ആർക്കും ഒരുപകാരവുമില്ലാതെ കിടക്കുകയാണ് ഇപ്പോൾ സിന്തറ്റിക് കോർട്ട്.


നശിച്ചു കൊണ്ടിരിക്കുന്ന അഞ്ചച്ചവിടിയിലെ സിന്തറ്റിക് കോർട്ട്