പൊന്നാനി: പൊന്നാനിയിലെ ടൂറിസം സ്വപ്നങ്ങൾക്ക് വലിയ മുതൽക്കൂട്ടാകേണ്ടിയിരുന്ന നിള കലാഗ്രാമം, മറൈൻ അക്വേറിയം പദ്ധതി എങ്ങുമെത്തിയില്ല. നവീകരണ പ്രവൃത്തികൾ ഇപ്പോഴും നിർബാധം നടക്കുകയാണ്. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തോടെ ഉദ്ഘാടനം നടക്കുമെന്ന് അറിയിച്ചിരുന്നു. നിള കലാഗ്രാമം ഇപ്പോൾ ഒരു വർഷം കഴിഞ്ഞിട്ടും പാതിവഴിയിലാണ്. 2016ൽ അന്നത്തെ പൊന്നാനി എം.എൽ.എയായിരുന്ന പി.ശ്രീരാമകൃഷ്ണൻ ആവിഷ്‌കരിച്ചതാണ് നിള കലാഗ്രാമം പദ്ധതി. പൊന്നാനിയുടെ ചരിത്രം, നിള നദിയുടെ ചരിത്രം, ഓഡിറ്റോറിയം, സാഹിത്യകാരന്മാരുടെ വിവരങ്ങൾ തുടങ്ങി സാഹിത്യ മേഖലയെ പൊന്നാനിയിൽ ആവിഷ്‌കരിച്ചു ടൂറിസം മേഖലയ്ക്ക് കൂടുതൽ കരുത്തു പകരുമായിരുന്ന പദ്ധതി അനക്കമില്ലാത്ത അവസ്ഥയാണ്. രണ്ടര കോടി രൂപയ്ക്ക് ആരംഭിച്ച പദ്ധതി പിന്നീട് ടൂറിസം വകുപ്പിൽ നിന്നും അഞ്ചര കോടി രൂപ കൂടി അനുവദിച്ചു വിപുലീകരിച്ചിരുന്നു. ഇതോടൊപ്പം നിർമ്മാണം നടന്നു വന്നിരുന്ന പൊന്നാനിയിലെ പ്രധാന ടൂറിസം ആകർഷണമായിരുന്ന മറൈൻ അക്വേറിയവും അനാഥമായി കിടക്കുകയാണ്. ഇടക്കാലത്ത് ഈ കെട്ടിടം ഫിഷറീസ് സർവകലാശാലയുടെ കേന്ദ്രമായി മാറ്റുമെന്ന് ചർച്ചകൾ നടന്നെങ്കിലും അതും പിന്നീട് പ്രാവർത്തികമായില്ല. ഇതും പൊന്നാനിയ്ക്ക് വലിയ മുതൽക്കൂട്ടാകേണ്ടിയിരുന്ന ടൂറിസം പദ്ധതി ആയിരുന്നു. ടൂറിസം സാധ്യതകൾ ഉള്ള നിരവധി പ്രവൃത്തികൾ പലയിടത്തും ഉണ്ടായിട്ടും അതിനെല്ലാം ഫണ്ട് അനുവദിക്കാൻ സർക്കാരിന് കഴിയാത്ത സാഹചര്യത്തിൽ വലിയ തോതിൽ ഫണ്ട് ചിലവഴിച്ച പദ്ധതികൾ പോലും ഇപ്പോൾ യാതൊരു ഗുണവുമില്ലാതെ കിടപ്പാണ്.