
മലപ്പുറം: ലയണൽ മെസി അടുത്ത വർഷം മാർച്ചിൽ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് വരുമെന്ന് വീണ്ടും പ്രഖ്യാപിച്ച് കായികമന്ത്രി വി. അബ്ദുറഹ്മാൻ. രണ്ട് ദിവസം മുമ്പ് അർജന്റീന ഫുട്‌ബാൾ ടീമിന്റെ സന്ദേശം ലഭിച്ചതായും ഇതു സംബന്ധിച്ച പ്രഖ്യാപനം അർജന്റീന ഫുട്‌ബാൾ അസോസിയേഷൻ ഉടൻ നടത്തുമെന്നും മന്ത്രി പറഞ്ഞു. വിഷൻ 2031ന്റെ ഭാഗമായി കായികവകുപ്പ് നടത്തിയ ' നവകായിക കേരളം മികവിന്റെ പുതുട്രാക്കിൽ ' എന്ന സംസ്ഥാനതല സെമിനാർ മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഫിഫ അംഗീകൃത സ്റ്റേഡിയത്തിന്റെ അഭാവമാണ് നവംബറിൽ അർജന്റീന ടീം കേരളത്തിൽ എത്താതിരിക്കാൻ കാരണം. അടുത്ത 15 ദിവസത്തോടെ കലൂർ സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നല്ല രീതിയിൽ അദ്ധ്വാനിച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ ആരെയും കുറ്റപ്പെടുത്തുകയല്ല വേണ്ടത്. ഏതെങ്കിലും ആളുകളുടെ കുറവായിട്ടും ഓവർ സ്മാർട്ടായിട്ടും ഇതിനെ കാണേണ്ടതില്ല. ഒരു വിൻഡോയിൽ വരുന്ന മാറ്റമാണ്. സ്‌പോർട്സ് ആകുമ്പോൾ സെൽഫ് ഗോളും പെനാൽറ്റിയും ഗോളുമെല്ലാമുണ്ടാകും. അതിനെ ആ രീതിയിൽ എടുക്കണം. ഇതിനെടുത്ത പരിശ്രമത്തെ കാണുക. ഇതിൽ മറ്റൊരു താൽപര്യവും ആർക്കുമില്ല. മെസി വന്ന് കളിക്കുക എന്നത് എല്ലാവരുടെയും താൽപര്യമാണ്. ഡേറ്റ് മാറിയതിന്റെ മുഴുവൻ ഉത്തരവാദിത്വവും പരിപാടി നടത്താൻ ശ്രമിക്കുന്നവരുടെ തലയിൽവച്ച് കൊടുക്കുന്നത് ശരിയായ രീതിയല്ലെന്നും മന്ത്രി പറഞ്ഞു.