കൊണ്ടോട്ടി: സർക്കാർ ഫണ്ട് അനുവദിച്ചിട്ടും കേരളോത്സവം നടത്താത്തതിനെതിരെ യുവജന പ്രതിഷേധ സമിതിയുടെ നേതൃത്വത്തിൽ കൊണ്ടോട്ടിയിൽ ഇന്ന് 'ബദൽ കേരളോത്സവം' നടക്കും. ഔദ്യോഗിക കേരളോത്സവം നടക്കാത്തതിനാൽ നഗരസഭ പരിധിയിലെ നൂറുകണക്കിന് യുവാക്കൾക്കാണ് അവസരം നഷ്ടപ്പെട്ടത്. സംസ്ഥാന യുവജന ബോർഡിന്റെ ആഭിമുഖ്യത്തിൽ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും കലാകായിക മത്സരങ്ങൾ പൂർത്തിയാക്കിയിട്ടും ജില്ലാസംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാൻ കൊണ്ടോട്ടി നഗരസഭാ പരിധിയിലെ യുവജനങ്ങൾക്ക് സാധിക്കുന്നില്ല എന്നത് പ്രതിഷേധാർഹമാണെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി. വിജയികൾക്ക് തൊഴിൽ രംഗത്ത് ലഭിക്കേണ്ട ഗ്രേസ് മാർക്ക് അടക്കമുള്ള പ്രയോജനങ്ങളും ഇതോടെ നഷ്ടപ്പെടും.
യുവാക്കളെ ശാക്തീകരിക്കുന്ന പരിപാടികൾ നടക്കുന്നില്ലെന്നും മുന്നണികളിലെ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളാണ് കേരളോത്സവം നടക്കാതിരിക്കാൻ കാരണമായതെന്നുമാണ് ഉയരുന്ന വിമർശനം. സ്വന്തമായി സ്ഥലം ഉണ്ടായിട്ടും കൊണ്ടോട്ടിയിൽ സ്റ്റേഡിയ സൗകര്യം ലഭിക്കാത്തതും യുവജന സംഘടനകൾ വിമർശിച്ചു.
ബദൽ കേരളോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം മാരത്തോൺ ഓട്ടത്തോടെ ആരംഭിക്കും. നൂറുകണക്കിന് യുവാക്കൾ പങ്കെടുക്കുന്ന മാരത്തോൺ മത്സരം സംസ്ഥാന സ്‌പോർട്സ് കൗൺസിൽ അംഗം എം. സലാഹ് ഉദ്ഘാടനം ചെയ്യും. ജില്ലാ യുവജന ബോർഡ് കോഓർഡിനേറ്റർ അഡ്വ. ഷഫീർ കീഴിശേരി മുഖ്യാതിഥിയായിരിക്കും. വൈകുന്നേരം ഏഴിന് ശേഷം ബസ് സ്റ്റാൻഡ് പരിസരത്ത് വടംവലി, ഫുട്‌ബാൾ ഷൂട്ടൗട്ട് ഉൾപ്പെടെ വിവിധ മത്സരങ്ങളും അരങ്ങേറും. പത്രസമ്മേളനത്തിൽ ഷാജു അവരക്കാട്ട്, ഷഹീർ മണ്ണാറിൽ എന്നിവർ പങ്കെടുത്തു.