മലപ്പുറം: പ്രവാസികൾക്ക് വിദേശത്ത് നിന്ന് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ അവസരം മിക്കവരും പ്രയോജനപ്പെടുത്തിയില്ല. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയിൽ ജില്ലയിൽ നിന്ന് ആകെ ഉൾപ്പെട്ടത് 447 പ്രവാസികൾ മാത്രമാണ്. സംസ്ഥാനത്ത് ആകെ 2841 പ്രവാസി വോട്ടർമാർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് 22 ലക്ഷത്തിലേറെ പ്രവാസികൾ ഉള്ളപ്പോൾ ഇതിൽ നാലിലൊന്നും മലപ്പുറം ജില്ലയിലാണ്.കോഴിക്കോട് മാത്രമാണ് പ്രവാസി വോട്ടർമാരുടെ എണ്ണം ആയിരം കടന്നത്. ഇവിടെ നിന്ന് 1,​231 പേർ വോട്ടർ പട്ടികയിൽ പേര് ചേർത്തു. കണ്ണൂർ - 481, തൃശൂർ -205 എന്നിങ്ങനെ പ്രവാസി വോട്ടർമാരുണ്ട്. മറ്റ് ജില്ലകളിലെല്ലാം നൂറിൽ താഴെ പ്രവാസികൾ മാത്രമാണ് വോട്ടർ പട്ടികയിൽ പേര് ചേർത്തത്. നാട്ടിലുള്ള പ്രതിനിധിയെ വച്ച് വോട്ട് ചെയ്യാനുള്ള പ്രോക്സി വോട്ട് സംവിധാനം വേണമെന്ന ആവശ്യമാണ് പ്രവാസി സംഘടനകൾ ഉന്നയിക്കുന്നത്. തിരഞ്ഞെടുപ്പ് സമയങ്ങളിൽ മിക്കപ്പോഴും ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർദ്ധിക്കുന്ന സാഹചര്യമാണ് ഉണ്ടാവാറുള്ളത്. ഇതും പ്രവാസി വോട്ടർമാരെ പിന്തിരിപ്പിച്ചിട്ടുണ്ട്.

കന്നി വോട്ടർമാർ കൂടി ജില്ലയിൽ 2020ലെ തദ്ദേശ തിരഞ്ഞെടുപ്പ് സമയത്തേക്കാൾ 2,20,156 വോട്ടർമാരുടെ എണ്ണം കൂടിയിട്ടുണ്ട്. കന്നി വോട്ടർമാരുടെ നിലപാടുകൾ നിർണ്ണായകമാവും. സംസ്ഥാനത്ത് ആകെ ഏഴ് ലക്ഷത്തോളം പുതിയ വോട്ടുകൾ ഇടംപിടിച്ചിട്ടുണ്ട്. ജില്ലയിൽ ആകെ 35,74,802 വോട്ടർമാരുണ്ട്. ഇതിൽ 18,52,653 പേരും സ്ത്രീകളാണ്. 17,22,100 പേർ പുരുഷന്മാരും. ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് അങ്ങാടിപ്പുറം പഞ്ചായത്തിലും മഞ്ചേരി നഗരസഭയിലുമാണ്. അങ്ങാടിപ്പുറം - 49,856 , മഞ്ചേരി 82,033 എന്നിങ്ങനെ വോട്ടർമാരുണ്ട്. ജില്ലയിൽ 94 പഞ്ചായത്തുകളിലായി 2001ഉം 12 നഗരസഭകളിലായി 505 വാർഡുകളുമുണ്ട്. 15 ബ്ലോക്ക് പഞ്ചായത്തുകളിലായി 254ഉം ജില്ലാ പഞ്ചായത്തിൽ 33ഉം ഡിവിഷനുകളുമുണ്ട്. കൂടുതൽ വോട്ടർമാരുള്ള പഞ്ചായത്ത് അങ്ങാടിപ്പുറം - 49,856 പാണ്ടിക്കാട് - 47,039 മുന്നിയൂർ - 47,843 തൃക്കലങ്ങോട് 46,866 വള്ളിക്കുന്ന് - 43,913 വണ്ടൂർ - 42,560 കുറുവ- 42,849 താനാളൂർ - 41,277 പള്ളിക്കൽ - 41,277 എടവണ്ണ - 40,787 നഗരസഭ മഞ്ചേരി - 82,033 പൊന്നാനി - 69,455 പരപ്പനങ്ങാടി - 57,467 മലപ്പുറം - 67,362 താനൂർ - 51,749 കൊണ്ടോട്ടി - 51,159 തിരൂർ - 46,155 തിരൂരങ്ങാടി - 46,040 പെരിന്തൽമണ്ണ - 45,656 കോട്ടക്കൽ - 40,222 നിലമ്പൂർ - 38,012 വളാഞ്ചേരി - 33,710