a

മലപ്പുറം: മകൾ ലെസീം സോയിക്ക് ആറ് മാസം പ്രായമുള്ളപ്പോഴാണ് ഷംല ഹംസ ഫെമിനിച്ചി ഫാത്തിമയിൽ വേഷമിടുന്നത്. സീനിന് കട്ട് പറയുമ്പോഴെല്ലാം സെറ്റിലുള്ള മകളുടെ അടുത്തേക്ക് ഓടിയെത്തും.ആക്ഷൻ പറഞ്ഞാൽ ഷംലയെ കാണില്ല,​ അടിമുടി ഫെമിനിച്ചി ഫാത്തിമയാവും.അഭിനയ കളരിയിൽ പറയത്തക്ക മുൻപരിചയങ്ങളൊന്നും ഷംലയ്ക്ക് ഇല്ലെങ്കിലും നാടകപ്രവർത്തകനായ തൃത്താല സ്വദേശി ഹംസയുടെ മകൾക്ക് അഭിനയം രക്തത്തിൽ അലിഞ്ഞതാണ്.''സീനിന് മുമ്പ് സംവിധായകന്റെ വാക്കുകൾ ശ്രദ്ധിക്കും.അവർ ആഗ്രഹിക്കുന്നതിനോട് നീതി പുലർത്താനും ശ്രമിക്കും.''

വർഷങ്ങൾക്ക് മുമ്പ് മിടുക്കി റിയാലിറ്റി ഷോയിലും ഒരുകൈ നോക്കി.ആയിരത്തൊന്ന് നുണകൾ സിനിമയുടെ ഓഡീഷൻ ദുബായിൽ നടക്കുന്നതറിഞ്ഞ് ഒരുപാട്ടടക്കം തയ്യാറാക്കി ഷംല ഓഡീഷനെത്തി.ഫെമിനിച്ചിയുടെ സംവിധായകൻ ഫാസിൽ മുഹമ്മദ് ആയിരുന്നു ആയിരത്തൊന്ന് നുണകളുടെ സ്‌പോട്ട് എഡിറ്റർ. സംവിധായകൻ കെ.വി.തമാർ, സഹനടൻ സുധീഷ് സ്‌കറിയയും ഫെമിനിച്ചി നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ ആദ്യ ഓടിയെത്തിയത് ഷംലയുടെ മുഖമായിരുന്നു.

ദുബായിൽ ഐ.ടി എൻജിനീയറായ മേലാറ്റൂർ സ്വദേശി മുഹമ്മദ് സ്വാലിഹാണ് ഭർത്താവ്.ഐ.ടി ബിരുദധാരിയായ ഷംല നേരത്തെ ദുബായിൽ സ്വകാര്യ എഫ്.എം ചാനലിൽ ടെക്നിക്കൽ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു.പാലക്കാട് തൃത്താലയാണ് സ്വദേശിയായ ഷംല നിലവിൽ ദുബായിലാണ് താമസം.മാതാവ് ഫാത്തിമക്കുട്ടി.സഹോദരങ്ങൾ;ശരീഫ്,​ശാഹിദ്,സജ്ല.