പൊന്നാനി: കേരളത്തിലെ തീരദേശ നഗരങ്ങളിൽ രാഷ്ട്രീയമായി ഏറ്റവും സജീവമായ പ്രദേശങ്ങളിലൊന്നായ പൊന്നാനിയിൽ തിരഞ്ഞെടുപ്പിന്റെ അലയടികൾ നേരത്തെ തന്നെയെത്തി. സാമൂഹിക സംഘടനകൾ, ചെറുകിട വ്യാപാരികളും മത്സ്യത്തൊഴിലാളികളും ഉൾപ്പെടുന്ന തൊഴിലാളി സമൂഹം, മതപരമായ സ്വാധീനം തുടങ്ങി രാഷ്ട്രീയ തീരുമാനങ്ങളെ നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങൾ ശക്തമായി നിലനിൽക്കുന്ന ഇവിടെ 53 വാർഡുകളാണുള്ളത്.
വേനൽക്കാലത്തെ ജലക്ഷാമം, റോഡുകളുടെ ശോചനീയാവസ്ഥ തുടങ്ങിയവയാണ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചർച്ചകളിൽ പ്രതിഫലിക്കുന്ന പ്രധാന പ്രശ്നങ്ങൾ. പൊന്നാനിയിലെ പല പ്രധാന റോഡുകളും ഇപ്പോഴും മോശം നിലയിലാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പൊന്നാനി അങ്ങാടി നവീകരണ പദ്ധതിയും എങ്ങുമെത്തിയിട്ടില്ല. ടൂറിസം പദ്ധതികൾ പാതിവഴിയിൽ നിലച്ചതും പ്രധാന ചർച്ചാവിഷയമാണ്. നിള കലാഗ്രാമത്തിന്റെ പുരോഗതിയും ഒച്ചിഴയും വേഗത്തിലാണ്.

വികസനം വോട്ടാവും

നഗരസഭയുടെ കഴിഞ്ഞ പത്തു വർഷത്തെ വികസന പദ്ധതികൾ വോട്ടായി മാറുമെന്നാണ് ഇടതുപക്ഷം വിശ്വസിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ സ്ഥാനാർത്ഥികളെ വേഗം പ്രഖ്യാപിക്കാനാവുമെന്ന് സി. പി. എം. ഏരിയ സെക്രട്ടറി സി. പി. മുഹമ്മദ് കുഞ്ഞി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, റോഡ് നവീകരണം, കുടിവെള്ളപദ്ധതികൾ എന്നിവ നേട്ടങ്ങളായി ചൂണ്ടിക്കാണിക്കും. 53 സീറ്റിൽ ആറ് സീറ്റിൽ സി. പി. ഐയും രണ്ട് സീറ്റിൽ ഐ.എൻ.എല്ലും ആയിരിക്കും മത്സരിക്കുക .


അവഗണയിൽ ഊന്നും

പൊന്നാനിയിലെ പരമ്പരാഗത ശക്തി പുറത്തെടുക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം. മുൻ പ്രകടനങ്ങളും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളും മുഖ്യ പ്രചാരണ വിഷയമാവും. തീരദേശ പ്രദേശങ്ങളുടെ അവഗണന, ഉദ്ഘാടനം മാത്രം നടത്തുന്ന ഭരണപക്ഷ പ്രവർത്തനം എന്നിവ ജനങ്ങൾ തിരിച്ചറിയുമെന്ന് പൊന്നാനി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജയപ്രകാശ് പറഞ്ഞു. യുവജനങ്ങളും സീനിയർ നേതാക്കളും ഉൾപ്പെടുന്ന കൂട്ടായ്മകൾ മുഖേന വീടുതോറും പ്രചാരണം ശക്തിപ്പെടുത്തുന്നുണ്ടെന്നും വിജ്ഞാപനം വന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നും ജയപ്രകാശ് പറഞ്ഞു. നിലവിൽ യു.ഡി.എഫിൽ സീറ്റ് വിഭജനം പൂർത്തിയാക്കി കഴിഞ്ഞു. 32 സീറ്റിൽ കോൺഗ്രസും 21സീറ്റിൽ മുസ്ലിം ലീഗും ആയിരിക്കും മത്സരിക്കുക.


സാന്നിദ്ധ്യം ശക്തമാക്കും

നഗരസഭയിൽ ശക്തമായ സാന്നിദ്ധ്യമില്ലാത്തതിന്റെ ക്ഷീണം തീർക്കാനുള്ള പരിശ്രമങ്ങളിലാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ. ബി. ഡി. ജെ.എസ് അടക്കമുള്ളവരുമായി സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായി വരുന്നതേയുള്ളൂ. വികസനത്തിന് വോട്ട് എന്നതായിരിക്കും തങ്ങളുടെ മുദ്യാവാക്യമെന്ന് ബി.ജെ.പി. നേതാവ് കെ. കെ. സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ കേന്ദ്ര ഗവ. നടപ്പാക്കിയ ദേശീയപാതയുടെ വികസനവും തീരദേശത്തെ സാധാരണക്കാരെ ലക്ഷ്യം വച്ചുള്ള വികസനവും കാർഷിക മേഖലയിൽ നടപ്പാക്കിയ പദ്ധതികളും വോട്ടായി മാറുമെന്നാണ് പ്രതീക്ഷയെന്ന് കെ. കെ. സുരേന്ദ്രൻ പറഞ്ഞു