ffff

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിലെ വിവിധ വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളിൽ ഗവർണർക്ക് മുന്നിൽ നവംബർ 15ന് ഹിയറിംഗ് നടക്കും. വൈസ് ചാൻസലറും രജിസ്‌ട്രാറും ഹിയറിംഗിൽ പങ്കെടക്കേണ്ടതായതിനാൽ, മുൻകൂട്ടി നിശ്ചയിച്ചിരുന്ന സെനറ്റ് യോഗം നവംബർ 17ലേക്ക് മാറ്റിയതായി സർവകലാശാലാ വൃത്തങ്ങൾ അറിയിച്ചു. കാലിക്കറ്റ് സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഗവർണർക്കെതിരെ കേസ് ഫയൽ ചെയ്യുന്നതിന് സർവകലാശാലാ ഫണ്ടിൽ നിന്ന് നാലര ലക്ഷം രൂപ ചെലവഴിച്ചതിനെതിരെ ഗവർണർക്ക് നൽകിയ പരാതിയിലാണ് ഹിയറിംഗ് നടക്കുന്നത്. സെനറ്റ് അംഗങ്ങളായ വി.കെ.എം. ഷാഫിയും കെ.അബ്ദുൽ ഗഫൂറുമാണ് പരാതിക്കാർ. വ്യക്തിപരമായ ആവശ്യത്തിനായി കേസ് ഫയൽ ചെയ്യമ്പോൾ സർവകലാശാലാ അക്കൗണ്ടിൽ നിന്നുള്ള പണം വിനിയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അതിലൂടെ ഗവർണറുടെ നിർദ്ദേശം ലംഘിച്ചിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു.

മുൻ വൈസ് ചാൻസലർ ഡോ. ജയരാജ് പാർട്ടി നോമിനി കൂടിയായിരുന്നതിനാൽ വിഷയത്തിന് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. അതേസമയം, വിക്ടോറിയ കോളേജിലെ ബി.എസ്.സി. സൈക്കോളജി വിദ്യാർത്ഥിനി ജംഷിയ ഷെറിന്റെ പ്രോജക്ട് റീഅസസ്‌മെന്റ് നടത്തി പുതുക്കിയ മാർക്ക് ലിസ്റ്റ് നൽകിയ കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ നടത്തിയ നടപടിയെ ചോദ്യം ചെയ്തു പി. നന്ദകുമാർ എം.എൽ.എ ഗവർണർക്ക് നൽകിയ പരാതിയിലും അതേ ദിവസം തന്നെ ഹിയറിംഗ് നടക്കും. പരീക്ഷാ ബോർഡ് ചെയർമാൻ നടത്തിയ റീഅസസെ‌മെന്റിന്റെ അടിസ്ഥാനത്തിലാണ് പുതുക്കിയ മാർക്ക് വിദ്യാർത്ഥിനിക്ക് നൽകാൻ വൈസ് ചാൻസലർ ഉത്തരവിട്ടത്. എല്ലാ വിഷയങ്ങളിലും ഉയർന്ന മാർക്ക് നേടിയ ജംഷിയ ഷെറിനെ പ്രോജക്ട് മൂല്യനിർണയത്തിൽ ഉദ്ദേശപൂർവ്വം പരാജയപ്പെടുത്തിയത് നേരത്തെ വിവാദമായിരുന്നു. വിദ്യാർത്ഥിനിയുടെ പ്രോജക്ട് ആദ്യം മൂല്യനിർണയം ചെയ്ത അദ്ധ്യാപികക്ക് ആവശ്യമായ യോഗ്യതയില്ലെന്ന പരാതിയും ഗവർണർ പരിഗണിക്കും.