മഞ്ചേരി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ സംഭവത്തിൽ കുട്ടിയുടെ മാതാവിനെയും മാതാവിന്റെ സുഹൃത്തിനെയും മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതി വിവിധ വകുപ്പുകളിലായി 180 വർഷം കഠിനതടവിനും 11.75 ലക്ഷം രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴയടയ്ക്കാത്ത പക്ഷം 20 മാസം അധിക തടവ് അനുഭവിക്കണമെന്നും ജഡ്ജ് എ.എം. അഷ്റഫ് വിധിച്ചു.
2019 ഡിസംബർ മുതൽ 2020 നവംബർ വരെ വാടകവീടുകളിൽ വച്ചായിരുന്നു പീ‌ഡനം. മദ്യം നൽകിയും അശ്ലീല വീഡിയോ കാണിച്ചും ദേഹോപദ്രവമേൽപ്പിച്ചുമായിരുന്നു പീഡനം.
പോക്‌സോ ആക്ടിലെ നാലു വകുപ്പുകളിൽ ഓരോന്നിലും 40 വർഷം വീതം കഠിന തടവ്, രണ്ട് ലക്ഷം രൂപ വീതം പിഴ, പിഴയടച്ചില്ലെങ്കിൽ ഓരോ വകുപ്പിലും മൂന്നു മാസം വീതം തടവ് എന്നിങ്ങനെയാണ് ശിക്ഷ. മറ്റു മൂന്നുവകുപ്പുകളിലായി മൂന്നു വർഷം വീതം കഠിനതടവ്, അര ലക്ഷം രൂപ വീതം പിഴ, പിഴയടച്ചില്ലെങ്കിൽ ഒരു മാസം വീതം അധികതടവ്, കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് രണ്ട് വർഷം കഠിനതടവ്, 25000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ ഒരു മാസത്തെ അധികതടവ് എന്നിങ്ങനെയാണ് ശിക്ഷ.

ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75, 77 വകുപ്പുകളിൽ രണ്ട് വർഷം വീതം കഠിനതടവ്, ഒരു ലക്ഷം രൂപ വീതം പിഴ, പിഴയടച്ചില്ലെങ്കിൽ രണ്ടു മാസം വീതം തടവ് എന്നിവയും ഇരു പ്രതികളും അനുഭവിക്കണം. തടവു ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ പരമാവധി 40 വർഷം തടവനുഭവിച്ചാൽ മതി. പ്രതികൾ പിഴയടക്കുന്ന പക്ഷം തുക അതിജീവിതയ്ക്ക് നൽകണം.